ന്യൂഡല്‍ഹി: പൊതു മേഖലാ സ്ഥാപനങ്ങളുടേയും പൊതു മേഖലാ ബാങ്കുകളുടേയും ഓഹരികള്‍ വിറ്റഴിക്കുവാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രപരമായ തീരുമാനം ആര്‍എസ്എസില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള 44 സംഘടനകളിലൊന്നായ ഭാരതിയ മസ്ദൂര്‍ സംഘില്‍ (ബിഎംഎസ്) നിന്നും കടുത്ത എതിര്‍പ്പാണ് നേരിടുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടേയും ബാങ്കുകളുടേയും ഇന്‍ഷൂറന്‍സ് കമ്പനികളുടേയും ഓഹരികള്‍ വിറ്റഴിക്കുക, പണമാക്കി മാറ്റുക, അല്ലെങ്കില്‍ തന്ത്രപരമായ രീതിയില്‍ വില്‍ക്കുക എന്നിങ്ങനെയുള്ള നയത്തെ ബിഎംഎസ് ജനറല്‍ സെക്രട്ടറി ബിനോയ് കുമാര്‍ സിന്‍ഹ കടുത്ത വാക്കുകളിലെഴുതിയ ഒരു കത്തിലൂടെ ശക്തമായി എതിര്‍ത്തിരിക്കുന്നു. ഇടിവി ഭാരതിന് ലഭിച്ച കത്തിന്‍റെ പകര്‍പ്പ് പ്രകാരം ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡും (ഒഎഫ്ബി) റെയില്‍വെയും കോര്‍പ്പറേറ്റ് വല്‍ക്കരിക്കുന്നതിനേയും സിന്‍ഹ എതിര്‍ക്കുന്നതായി കാണുന്നു.
ബജറ്റില്‍ വളരെ വ്യക്തമായ വിധത്തില്‍ വിവരിച്ചിരിക്കുന്ന കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍ പ്രതിരോധ, റെയില്‍വെ സ്ഥാപനങ്ങള്‍ എന്നിവയുടെ ഓഹരികള്‍ വിറ്റഴിക്കല്‍, പണമാക്കല്‍, തന്ത്രപരമായ വില്‍ക്കല്‍, കോര്‍പ്പറേറ്റ് വല്‍ക്കരണം എന്നിങ്ങനെയുള്ള നയങ്ങളുമായി മുന്നോട്ട് പോകുവാനുള്ള താങ്കളുടെ സര്‍ക്കാരിന്‍റെ തീരുമാനം കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാരെ വലിയ തോതില്‍ വേദനിപ്പിക്കുകയും പൊതു ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ബിനോയ് സിന്‍ഹ തന്‍റെ കത്തില്‍ എഴുതിയിരിക്കുന്നു. ബിഎംഎസിന്‍റെ തീരുമാനങ്ങള്‍ എടുക്കുന്ന ഉന്നത സമിതിയായ കേന്ദ്രീയ കാര്യ സമിതി (കെകെഎസ്) മൂന്ന് ദിവസങ്ങളിലായാണ് ചെന്നൈയില്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തത്. ഫെബ്രുവരി 12ന് ആരംഭിച്ച് 14ന് അവസാനിച്ച മൂന്നു ദിവസത്തെ സമ്മേളനത്തില്‍ ആര്‍എസ്എസിന്‍റെ ഒരു മുതിര്‍ന്ന നേതാവും പങ്കെടുത്തിരുന്നതായാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റെ സ്വകാര്യവല്‍ക്കരണ നീക്കത്തിനെതിരെ ബിഎംഎസ് നിരവധി പ്രമേയങ്ങള്‍ ഈ സമ്മേളനത്തില്‍ പാസാക്കുകയും ചെയ്തു.
മോദി സര്‍ക്കാരിന്‍റെ ഏറെ അഭിലാഷപൂര്‍ണമായ സ്വകാര്യവല്‍ക്കരണ നടപടികള്‍ക്കെതിരെയുള്ള ബിഎംഎസിന്‍റെ കേന്ദ്രീയ കാര്യ സമിതിയുടെ പ്രമേയങ്ങള്‍ക്ക് ആര്‍എസ്എസിന്‍റെ പിന്തുണയും ലഭിച്ചിട്ടുണ്ടെന്നാണ് ഇടിവി ഭാരതിന് ലഭിച്ചിരിക്കുന്ന വിവരം. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ ആര്‍എസ്എസിന്‍റെ ഒരു മുതിര്‍ന്ന നേതാവിന്‍റെ സാന്നിദ്ധ്യത്തില്‍ തന്നെയാണ് ഈ പ്രശ്‌നം ചര്‍ച്ച ചെയ്തു പ്രമേയങ്ങള്‍ പാസാക്കിയത്. ഭാവിയില്‍ ഞങ്ങള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ ഒന്നും തന്നെ ഇനി പിന്‍വലിക്കുവാന്‍ പറയുവാന്‍ ആര്‍എസ്എസിന് കഴിയില്ല. കാരണം ഒരു മുതിര്‍ന്ന ആര്‍എസ്എസ് നേതാവിന്‍റഎ സാന്നിദ്ധ്യത്തില്‍ തന്നെയാണ് അത് സംബന്ധിച്ചുള്ള പ്രമേയങ്ങള്‍ എല്ലാം പാസാക്കിയത്. സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍ എന്നിങ്ങനെയുള്ള പൊതു മേഖലയിലെ സ്ഥാപനങ്ങളുടേയും കല്‍ക്കരി, കല്‍ക്കരി ഇതര, സ്റ്റീല്‍, സിമന്‍റ്, എഞ്ചിനീയറിങ്ങ്, പ്രതിരോധ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന പൊതു മേഖലാ സ്ഥാപനങ്ങളുടേയും ഓഹരികള്‍ വിറ്റഴിക്കുന്നതിനെ ബിഎംഎസ് എതിര്‍ക്കുമെന്നും പ്രമേയങ്ങളില്‍ പറയുന്നു. ഈ നയത്തെ അതിശക്തമായി എതിര്‍ക്കുവാന്‍ കെകെഎസ് തീരുമാനിച്ചിരിക്കുന്നതായും പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്യുന്ന കത്തില്‍ പറയുന്നു.
വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റ് പ്രതിഷേധം
ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന് കൂടി ഒരു പകര്‍പ്പ് അയച്ചിരിക്കുന്ന ഈ കത്തില്‍ ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റ് സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള സര്‍ക്കാരിന്‍റെ നീക്കത്തേയും ബിഎംഎസ് എതിര്‍ക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു. വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റിന്‍റെ കാര്യത്തില്‍ നടന്നു കൊണ്ടിരിക്കുന്ന തൊഴിലാളികളുടെ സമരം ഒരു സാമൂഹിക പ്രക്ഷോഭമായി മാറിയിരിക്കുന്നു എന്നുള്ള കാര്യം ഇവിടെ പരാമര്‍ശിക്കാതെ നിര്‍വ്വാഹമില്ല. സര്‍ക്കാരിന്‍റെ പ്രസ്തുത തീരുമാനം പൊതു ജനങ്ങളെ വല്ലാതെ പ്രകോപിപ്പിക്കുന്ന തരത്തിലായിരിക്കുന്നു എന്ന് ഇവിടെ തെളിഞ്ഞിരിക്കുകയാണെന്നും കത്തില്‍ പറയുന്നു.
ഇടിവി ഭാരതുമായി നടത്തിയ സംഭാഷണത്തില്‍ സെന്‍റർ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സിന്‍റെ (സിഐടിയു) ദേശീയ ജനറല്‍ സെക്രട്ടറിയായ തപന്‍ സെന്‍ അതിശക്തമാം വിധം ഊന്നി പറഞ്ഞത് വിശാഖപട്ടണത്തെ ആര്‍ഐഎന്‍എല്ലിന്‍റെ ഉടമസ്ഥതിയിലുള്ള സ്റ്റീല്‍ പ്ലാന്‍റ് അടക്കം കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള ഒരു പൊതു മേഖലാ സ്ഥാപനത്തേയും ഏറ്റെടുക്കുവാന്‍ ഒരു കോര്‍പ്പറേറ്റ് കമ്പനിയേയും തൊഴിലാളികള്‍ അനുവദിക്കില്ല എന്നാണ്. സര്‍ക്കാര്‍ തങ്ങളുടെ സ്വകാര്യവല്‍ക്കരണ നീക്കങ്ങളുമായി മുന്നോട്ട് പോകുവാനാണ് തീരുമാനിക്കുന്നതെങ്കില്‍ പോലും തൊഴിലാളികള്‍ എന്തുവില കൊടുത്തും അത് തടയുമെന്ന് അദ്ദേഹം പറഞ്ഞു. മേല്‍ പറഞ്ഞ മേഖലകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന തങ്ങളുടെ നേതാക്കമാർ ഭാവിയിലെ നടപടികളെ കുറിച്ച് തീരുമാനിക്കുന്നതിനായി ഫെബ്രുവരി 25, 26 തീയതികളിലായി ഹൈദരാബാദില്‍ ഒരു സമ്മേളനം വിളിച്ച് ചേര്‍ത്തിട്ടുണ്ട് എന്നും പ്രധാനമന്ത്രിക്കുള്ള കത്തില്‍ ബിഎംഎസ് അറിയിക്കുന്നു. എന്നാല്‍ ഏതെങ്കിലും സമരങ്ങള്‍ക്കോ പ്രതിഷേധങ്ങള്‍ക്കോ ഇറങ്ങുന്നതിനു മുന്‍പായി സര്‍ക്കാരുമായി ഒരു ചര്‍ച്ചയില്‍ ഏര്‍പ്പെടുന്ന കാര്യം പരിഗണിക്കുന്നുവെന്ന് പ്രശ്‌നം പരിഹരിക്കുവാന്‍ അടിയന്തരമായി ഒരു യോഗം വിളിച്ചു കൂട്ടുവാന്‍ പ്രധാനമന്ത്രിയോട് ആഹ്വാനം ചെയ്തു കൊണ്ട് ബിഎംഎസ് നേതാവ് പറഞ്ഞു.
എന്തുകൊണ്ടാണ് ബിഎംഎസിന്‍റെ എതിര്‍പ്പ് പ്രാധാന്യമര്‍ഹിക്കുന്നത്?
കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ സൈദ്ധാന്തിക തലതൊട്ടപ്പന്മാരായ, നാഗ്‌പൂർ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള 44 സംഘടനകളില്‍ ഒന്നാണ് ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്). പൊതു മേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകളും ഓഫീസര്‍മാരുടെ അസോസിയേഷനുകളും ആഹ്വാനം ചെയ്തിരിക്കുന്ന അടുത്ത മാസത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കണമോ എന്നുള്ള അവസാന തീരുമാനം ഭാരതീയ മസ്ദൂര്‍ സംഘ് ഇതുവരെയും എടുത്തിട്ടില്ല. എന്നാല്‍ ബിഎംഎസില്‍ നിന്നുള്ള എതിര്‍പ്പും അടുത്ത മാസം നടക്കാന്‍ പോകുന്ന ബാങ്ക് പണിമുടക്കിലെ അവരുടെ പങ്കാളിത്തവും പ്രധാനമന്ത്രി മോദിയുടെ സര്‍ക്കാരിനു മുന്‍പിലെ വെല്ലുവിളികളെ ഒന്നുകൂടി സങ്കീര്‍ണമാക്കും. ഈ അടുത്ത കാലത്ത് പാസാക്കിയ മൂന്ന് കര്‍ഷക നിയമങ്ങളെ എതിര്‍ത്തു കൊണ്ടുള്ള അതിശക്തമായ കര്‍ഷക സമരത്തില്‍ നിലവില്‍ തന്നെ വെന്തുരുകുകയാണ് സര്‍ക്കാര്‍. ഭരണകക്ഷിയായ ബിജെപിയെ പോലെ ആര്‍എസ്എസില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു സംഘടന മാത്രമല്ല ബിഎംഎസ്. മറിച്ച് 6000ത്തിനു മുകളില്‍ തൊഴിലാളി യൂണിയനുകളിലായി രണ്ട് കോടിയിലധികം അംഗങ്ങളുള്ള ഏറ്റവും വലിയ കേന്ദ്ര തൊഴിലാളി സംഘടനകളില്‍ ഒന്നുകൂടിയാണ് ബിഎംഎസ് എന്നിവിടെ ഓര്‍ക്കേണ്ടതുണ്ട്.