ബംഗളൂരു (കര്‍ണാടക): അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ ആരെ മുഖ്യമന്ത്രിയാക്കണമെന്നതിനെച്ചൊല്ലി കര്‍ണാടകയില്‍ വാക്പോര് തുടരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാറിനോടും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോടും കൂറ് പുലർത്തുന്ന നേതാക്കൾ തമ്മിലാണ് തര്‍ക്കം.
സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകണമെന്നാണ് സംസ്ഥാനത്തെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന എംഎൽഎ ബി.ഇസഡ് സമീർ അഹമ്മദ് ഖാന്റെ പരാമര്‍ശം ശിവകുമാര്‍ പക്ഷത്തെ ചൊടിപ്പിച്ചു. വായടച്ച് പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഖാന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് ഡി.കെ ശിവകുമാര്‍ പറഞ്ഞത്.