ഹൈദരാബാദ്:പരസ്‌പരം കൊമ്പ്കോര്‍ത്ത് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയും. മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറയ്‌ക്ക് സംഭവിച്ചത് പോലെ തെലങ്കാനയില്‍ കെ സി ചന്ദ്രശേഖര്‍ റാവുവിനും സംഭവിക്കുമെന്ന അണ്ണാമലൈയുടെ പ്രസ്‌താവന വലിയ വിവാദമായി. എക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഒരു വിഭാഗം എംഎല്‍എമാര്‍ ബിജെപിയുമായി ചേര്‍ന്ന് കൊണ്ട് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറിനെ വീഴ്‌ത്തുകയായിരുന്നു.
തമിഴ്‌നാടിലെ എം കെ സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാറിനെതിരെയും ഒരു ഏക്‌നാഥ് ഷിന്‍ഡെ ഉയര്‍ന്ന് വരാന്‍ സാധ്യതയുണ്ടെന്നും അണ്ണാമലൈ പ്രസ്‌താവന നടത്തിയിരുന്നു. അണ്ണാമലൈയുടെ പ്രസ്‌താവന ചൂണ്ടികാട്ടി ബിജെപിക്കെതിരെയും കേന്ദ്രസര്‍ക്കാറിനെതിരേയും രൂക്ഷമായ പ്രതികരണമാണ് കെസിആര്‍ തെലങ്കാന അസംബ്ലിയില്‍ നടത്തിയത്. മേദി സര്‍ക്കാര്‍കാരണം രാജ്യത്ത് ജനാധിപത്യം തമാശയായി മാറിയെന്ന് കെസിആര്‍ ആരോപിച്ചു.
ഇതുവരെ പത്ത് സംസ്ഥാന സര്‍ക്കാറുകളെ കുതിരകച്ചവടത്തിലൂടെ മറിച്ചിട്ടുകൊണ്ട് അവിടെ ബിജെപി അധികാരത്തില്‍ വന്നു. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടേയുള്ളൂ. എന്നാല്‍ തമിഴ്‌നാട്ടില്‍ ഒരു ഏക്‌നാഥ് ഷിന്‍ഡെ ഉയര്‍ന്ന് വരുമെന്ന് പറയുകയാണ് അണ്ണമലൈയെന്നും കെസിആര്‍ ആരോപിച്ചു. ജനാധിപത്യത്തെ ബിജെപി എത്രമാത്രം വിലമതിക്കുന്നുണ്ടെന്ന് കാണിച്ച് തരുന്നതാണ് ഇത്തരം പ്രസ്‌താവനകള്‍. തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് പരാജയപ്പെട്ട ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കുന്നതിനെപറ്റി സംസാരിക്കുകയാണെന്നും കെസിആര്‍ ആരോപിച്ചു.