ന്യൂഡൽഹി : നിരവധി കവർച്ചാകേസുകളിൽ പൊലീസ് തിരയുന്ന പ്രതി അറസ്റ്റിൽ. പഹർഗഞ്ച് സ്വദേശിയായ അഭിമന്യുവാണ് (22) വടക്കൻ ഡൽഹിയിലെ നെഹ്‌റു വിഹാറിൽ നിന്ന് പിടിയിലായത്. എട്ടോളം കവർച്ചാക്കേസുകളിൽ പ്രതിയായ ഇയാൾ ആയുധം ചൂണ്ടി ഭയപ്പെടുത്തി മോഷണം നടത്തുകയാണ് പതിവ്. കൃത്യത്തിന് ശേഷം വാഹനത്തിന്‍റെ നിറവും നമ്പർ പ്ലേറ്റും മാറ്റുമെന്നും പൊലീസ് പറയുന്നു.
തോക്ക് ചൂണ്ടി കവർച്ച ; 22 കാരനായ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ - robbery case accused
വടക്കൻ ഡൽഹിയിലെ നെഹ്‌റു വിഹാറിൽ നിന്ന് പിടിയിലായത് പഹർഗഞ്ച് സ്വദേശി അഭിമന്യു
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നെഹ്‌റു വിഹാറിൽ ബൈക്കിലെത്തിയ പ്രതിയെ കുടുക്കിയത്. ചോദ്യം ചെയ്യലിൽ, ഇയാൾ ജൂലൈയിൽ തന്‍റെ കൂട്ടാളികളായ മോഹിത്, പ്രിയാൻഷു എന്നിവർക്കൊപ്പം ദേശ് ബന്ദു ഗുപ്ത റോഡിന് സമീപം തോക്ക് ചൂണ്ടി കവർച്ച നടത്തിയതായി വെളിപ്പെടുത്തി. നേരത്തേ ഈ കേസിൽ കൂട്ടാളികളെ സംഭവസ്ഥലത്തുവച്ച് തന്നെ പിടികൂടിയിരുന്നു. എന്നാൽ അഭിമന്യു രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഇയാളുടെ സംഘത്തിലുള്ള യോഗേഷ്, റോണിത് എന്നിവരോടൊപ്പവും ചില വാഹനമോഷണക്കേസിലും പിടിച്ചുപറി കേസിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേർത്തു. അഭിമന്യുവിന്‍റെ അമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്ത ഒരു ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
ബൈക്കിന്‍റെ യഥാർഥ നിറം കറുപ്പായിരുന്നു. എന്നാൽ മോഷണശേഷം നീല നിറത്തിലാക്കിയെന്നും പ്രതി പറയുന്നു. ഇതിന് പുറമേ ഇയാൾ മോഷ്‌ടിച്ച മൂന്ന് ബൈക്കുകളും രണ്ട് സ്കൂട്ടറുകളും കണ്ടെടുത്തു. ഇവ നമ്പർ പ്ലേറ്റ് മാറ്റി മെട്രോ പാർക്കിങ് ഏരിയകളില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.