ഹൈദരാബാദ്: ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന പുതിയ പരിഷ്‌കാരങ്ങള്‍ ഏകപക്ഷീയവും ക്രൂരവുമാണെന്ന് വിശേഷിപ്പിച്ച ലക്ഷദ്വീപ് മുൻ അഡ്‌മിനിസ്ട്രേറ്ററും മുൻ ചീഫ് ഇൻഫർമേഷൻ കമ്മിഷണറുമായ വാജാത്ത് ഹബീബുള്ള. പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നാല്‍ അത് ദ്വീപ് വാസികളുടെ ഉന്നമനത്തിന് വേണ്ടിയാണെന്ന് ബോധിപ്പിക്കാൻ സർക്കാരിനാകണമെന്നും വാജാത്ത് ഹബീബുള്ള അഭിപ്രായപ്പെട്ടു.
അതേസമയം പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ദ്വീപിലെ ജനങ്ങളുമായി ചർച്ച ചെയ്യുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ പരിഹാരം കണ്ടെത്തണമെന്നും വാജാത്ത് ഹബീബുള്ള അഭിപ്രായപ്പെട്ടു. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ലക്ഷദ്വീപിന്‍റെ സുരക്ഷ, വികസനം, ഭാവി എന്നിവയെക്കുറിച്ച് തെറ്റായ ധാരണകൾ വ്യാപകമായി പ്രചരിച്ചിട്ടുണ്ടെന്നും വാജാത്ത് ഹബീബുള്ള പറഞ്ഞു.
വാജാത്ത് ഹബീബുള്ളയുമായുള്ള അഭിമുഖം also read:ലക്ഷദ്വീപില്‍ ഭക്ഷ്യധാന്യ വിതരണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി
പുതുതായി നിയമിക്കപ്പെട്ട അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ ദ്വീപില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ദ്വീപില്‍ പുതിയ നിയമ പരിഷ്കാരങ്ങളുടെ ആവശ്യമില്ലെന്നാണ് വാജാത്ത് ഹബീബുള്ളയുടെ നിലപാട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു പരിസ്ഥിതി വികസന അതോറിറ്റി നിലവിലുണ്ട്. ഏറ്റവും മികച്ച പരിസ്ഥിതി വികസന വിദഗ്ധരെ ഉൾപ്പെടുത്തി ലക്ഷദ്വീപിനായി നിയമങ്ങളും ചട്ടങ്ങളും അവർ ഇതിനകം തന്നെ രൂപീകരിച്ചിട്ടുണ്ട്. അവ കൃത്യമായി നടപ്പിലാക്കിയാല്‍ മതി.
ദ്വീപിന്‍റെ സംരക്ഷണം
ദ്വീപുകളുടെ ഏറ്റവും മികച്ച സംരക്ഷകരാണ് ലക്ഷദ്വീപിലെ ജനമെന്ന് വാജാത്ത് ഹബീബുള്ള പറഞ്ഞു. "ലക്ഷദ്വീപിലെ ജനങ്ങൾ അടിസ്ഥാനപരമായി ആദിവാസികളാണ്. അവർ മുസ്ലീങ്ങളും കൂടിയാണ്. അവർക്ക് പട്ടികവർഗ പദവി നൽകിയിട്ടുണ്ട്, കാരണം അവർ ഗോത്രവർഗക്കാരാണ്. അനധികൃതമായി ആരെങ്കിലും ദ്വീപിലെത്തിയാല്‍ അത് തൽക്ഷണം തിരിച്ചറിയുകയും നാവികസേനയെയും പൊലീസിനെയും അറിയിക്കുന്നത് പ്രദേശവാസികളാണെന്നും വാജാത്ത് ഹബീബുള്ള പറഞ്ഞു. ശ്രീലങ്കൻ കള്ളക്കടത്തുകാർ ഉപയോഗിച്ച ബോട്ട് തിരിച്ചറിഞ്ഞതിന് പിന്നാലെ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചതും പൊലീസ് ബോട്ട് പിടിച്ചെടുക്കുകയും ചെയ്‌ത സംഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
കേരളവുമായുള്ള ബന്ധം
വടക്കൻ കേരളവുമായുള്ള പ്രാദേശിക ജനങ്ങളുടെ സമ്പർക്കം ആശങ്കയുണ്ടാക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ജനങ്ങൾ എല്ലായ്പ്പോഴും കേരളവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വാജാത്ത് ഹബീബുള്ള അഭിപ്രായപ്പെട്ടു. വ്യാപാരം, ഭാഷ, ആശയവിനിമയം എന്നിവയുമായി ലക്ഷദ്വീപിനും കേരളത്തിനും അടുത്ത ബന്ധമുണ്ട്. അതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. ദ്വീപിലുള്ളവർ സമാധാനപ്രിയരാണ്. കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവാണ്. അങ്ങനെയുള്ളിടത്ത് ഗുണ്ട നിയമം നടപ്പാക്കേണ്ട ആവശ്യമില്ലെന്നും വാജാത്ത് ഹബീബുള്ള അഭിപ്രായപ്പെട്ടു.