മോഹന്‍ലാലിന്‍റെ (Mohanlal) പുതിയ ചിത്രം 'വൃഷഭ'യുടെ (Vrushabha) ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. മൈസൂരിൽ ആയിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായത് (Vrushabha first schedule). ഈ വര്‍ഷം ജൂലൈ 22നാണ് 'വൃഷഭ'യുടെ ചിത്രീകരണം ആരംഭിച്ചത്.
നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, മോഹൻലാൽ, റോഷൻ മേക്ക, സഹ്‌റ എസ് ഖാൻ, ഷനായ കപൂർ എന്നിവര്‍ അടങ്ങുന്നതായിരുന്നു ആദ്യ ഷെഡ്യൂള്‍. 'വൃഷഭ'യെ മികച്ച രീതിയിൽ തിയേറ്ററുകളില്‍ എത്തിക്കാനുള്ള കഠിന പ്രയത്നത്തിലാണ് അണിയറപ്രവർത്തകർ.
അടുത്തിടെ 'വൃഷഭ'യില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസറായി നിക്ക് തുർലോ എത്തിയത് വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ശേഷം ആക്ഷൻ സംവിധായകനായി പീറ്റർ ഹെയ്‌നും ചിത്രത്തില്‍ എത്തുന്നു എന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു. ഇതോടെ 'വൃഷഭ' വലിയ സ്കെയിലിലേക്ക് നീങ്ങുകയാണ്. 'ബാഹുബലി', 'പുലിമുരുഗൻ', 'എന്തിരൻ', 'ശിവാജി', 'ഗജിനി', 'പുഷ്‌പ' തുടങ്ങി ബ്രഹ്മാണ്ഡ ചിത്രങ്ങളിലെല്ലാം പീറ്റർ ഹെയിനിന്‍റെ സാന്നിധ്യം വളരെ പ്രകടമായിരുന്നു.
'വൃഷഭ'യുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനെ കുറിച്ച് സംവിധായകൻ നന്ദ കിഷോര്‍ പ്രതികരിക്കുന്നുണ്ട്. 'മൈസൂരിൽ സമാപിച്ച ഞങ്ങളുടെ ആദ്യ ഷെഡ്യൂളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ നേടാൻ സാധിച്ചതിൽ സന്തോഷം ഉണ്ട്. ഞങ്ങളുടെ ടൈറ്റ് ഷൂട്ടിങ് ഷെഡ്യൂളിന്‍റെ ദൈനംദിന ലക്ഷ്യങ്ങൾ നേടി എടുക്കാൻ രാവും പകലും കഠിനാധ്വാനം ചെയ്‌ത എന്‍റെ മുഴുവൻ പ്രൊഡക്ഷൻ ടീമിനും നന്ദി പറയുന്നു. പ്രധാന അഭിനേതാക്കളായ മോഹൻലാൽ സാർ, റോഷൻ, ഷനായ, രാഗിണി, ശ്രീകാന്ത് എന്നിവർ തിരക്കേറിയ സമയ പരിധികൾ നിറവേറ്റാൻ രാപ്പകല്‍ ഇല്ലാതെ പ്രയത്നിച്ചു. 'പുലിമുരുകന്' ശേഷം മോഹൻലാൽ സാറും പീറ്റർ ഹെയിനും വീണ്ടും ഒന്നിക്കുന്നതാണ് ഹൈലൈറ്റ്. 'വൃഷഭ'യ്ക്കായി ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ സീക്വൻസുകളിൽ ഒന്ന് ഇരുവരും നടത്തി എടുക്കുകയും ചെയ്‌തു' -ഇപ്രകാരമാണ് നന്ദ കിഷോര്‍ പറഞ്ഞത്