ജയ്‌പൂർ : രാഷ്‌ട്രീയ പാർട്ടികളുടെ ദിവസങ്ങൾ നീണ്ട പ്രചാരണത്തിനൊടുവിൽ രാജസ്ഥാൻ ഇന്ന് പോളിങ് ബൂത്തിൽ (Rajasthan assembly election). സംസ്ഥാനത്തെ 200ൽ 199 സീറ്റിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കോൺഗ്രസ് സ്ഥാനാർഥി ഗുർമീത് സിങ് കൂനാറിന്‍റെ മരണത്തെ തുടർന്ന് കരൺപൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.
രാവിലെ എഴ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ് നടക്കുക. സമാധാനപരവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി അധികൃതർ അറിയിച്ചു. ഏകദേശം 52.5 ദശലക്ഷം വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്.
നവംബർ 23ന് വോട്ടെടുപ്പ് നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് സംസ്ഥാനത്ത് വലിയ തോതിലുള്ള വിവാഹങ്ങളും മറ്റ് ഇടപെടലുകളും കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ) നവംബർ 25ലേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്, കോൺഗ്രസ് ദേശീയ വക്താവ് ഗൗരവ് വല്ലഭ്, കേന്ദ്രമന്ത്രി രാജ്യവർധൻ റാത്തോഡ്, വിശ്വരാജ് സിങ് മേവാർ, രാജസ്ഥാൻ നിയമസഭ സ്‌പീക്കർ സിപി ജോഷി, രാജസ്ഥാൻ ലോക്‌സഭ സ്‌പീക്കർ രാജേന്ദ്ര റാത്തോഡ് എന്നിവരാണ് മത്സര രംഗത്തുള്ള പ്രമുഖ നേതാക്കൾ.
ബിജെപിയുടെയും കോൺഗ്രസിന്‍റെയും വിമത സ്ഥാനാർഥികളിൽ പലരെയും പാർട്ടികൾ അനുനയിപ്പിക്കുകയും നാമനിർദേശ പത്രിക പിൻവലിക്കുകയും ചെയ്‌തു. എന്നാൽ, ഇപ്പോഴും ഇരു പാർട്ടികളിൽ നിന്നും 45 വിമത സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. എംഎൽഎമാരും മുൻ എംഎൽഎമാരും പാർട്ടി ഭാരവാഹികളും വിമത സ്ഥാനാർഥികളിൽ ഉൾപ്പെടുന്നു.