ബെംഗളൂരു:കര്‍ണാടകയില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 80 വയസിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്കും വീട്ടില്‍ നിന്ന് വോട്ട് ചെയ്യാനുള്ള (വിഎഫ്എച്ച്) വോട്ട് ഫ്രം ഹോം സൗകര്യം ഏര്‍പ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 80 വയസിന് മുകളിലുള്ളവര്‍ക്ക് ആദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തരമൊരു സൗകര്യം ഏര്‍പ്പെടുത്തുന്നത്. 'ഞങ്ങളുടെ ടീമുകള്‍ വോട്ടെടുപ്പിനായുള്ള 12ഡി ഫോമുമായിട്ട് അവരുടെ വീട്ടിലേക്ക് പോകും' എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
80 വയസിന് മുകളിലുള്ളവരെ പോളിങ് ബൂത്തുകളില്‍ വരാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും കഴിയാത്തവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ നടപടിയാണെങ്കിലും വോട്ടെടുപ്പ് പൂര്‍ണമായും രഹസ്യമായിരിക്കുമെന്നും വോട്ടെടുപ്പിന്‍റെ മുഴുവന്‍ നടപടികളും വീഡിയോയില്‍ പകര്‍ത്തുമെന്നും രാജീവ് കുമാര്‍ പറഞ്ഞു. വയോധികര്‍ക്ക് വീട്ടില്‍ നിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയ കാര്യം മുഴുവന്‍ രാഷ്‌ട്രീയ പാര്‍ട്ടികളെയും അറിയിക്കും.
ഭിന്നശേഷികാര്‍ക്ക് വോട്ട് ചെയ്യുന്നതിന് 'സക്ഷം' എന്ന പേരില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചിട്ടുണ്ട്. വളരെ എളുപ്പത്തില്‍ ലോഗിന്‍ ചെയ്യാനും വോട്ട് ചെയ്യാനും ആപ്ലിക്കേഷനിലൂടെ സാധിക്കുമെന്ന് കുമാര്‍ പറഞ്ഞു. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികകളും സത്യവാങ്മൂലങ്ങളും സമര്‍പ്പിക്കുന്നതിനായി മറ്റൊരു മൊബൈല്‍ ആപ്ലിക്കേഷന്‍ കൂടി ആരംഭിച്ചിട്ടുണ്ട്. 'സുവിധ' എന്ന പേരിലാണ് ഇതിനായി ആപ്ലിക്കേഷന്‍ തുടങ്ങിയിട്ടുള്ളത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ക്ക് യോഗങ്ങള്‍ക്കും റാലികള്‍ക്കും അനുമതി തേടുന്നതിനും സുവിധ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥികളെ കുറിച്ച് അറിയുന്നതിനും ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. ഇതിനായി കെവൈസി എന്ന പേരില്‍ കാമ്പയിനും ഇസിഐ ആരംഭിച്ചിട്ടുണ്ട്.
വോട്ടെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ കുറിച്ച് വോട്ടര്‍മാര്‍ക്ക് സുവിധയിലൂടെ അഭിപ്രായം അറിയിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും കുമാര്‍ വ്യക്തമാക്കി. 224 നിയമസഭ മണ്ഡലങ്ങളുള്ള കര്‍ണാടകയില്‍ 36 സീറ്റുകള്‍ പട്ടിക ജാതി വിഭാഗത്തിനും 15 സീറ്റുകള്‍ പട്ടിക വര്‍ഗത്തിനും സംവരണം ചെയ്‌തിട്ടുണ്ട്.
ആകെ 5.21 വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. അതില്‍ 2.59 കോടി സ്‌ത്രീകളും 16,976 പേര്‍ വയോധികരും 4,699 ട്രാന്‍സ്‌ജെഡര്‍മാരും 9.17 ലക്ഷം കന്നി വോട്ടര്‍മാരുമാണുള്ളത്. സംസ്ഥാനത്ത് 58,272 പോളിങ് സ്റ്റേഷനുകളാണുള്ളത്. അതില്‍ 24,063 എണ്ണം നഗര പ്രദേശങ്ങളിലാണ്. ഓരോ സ്റ്റേഷനിലും ശരാശരി 883 വോട്ടര്‍മാരാണുള്ളത്. അതില്‍ 29,141 പോളിങ് സ്റ്റേഷനുകളിൽ വെബ്‌കാസ്റ്റിങ് ഉണ്ടായിരിക്കുമെന്നും 1,200 നിർണായക പോളിങ് സ്റ്റേഷനുകളാണെന്നും സിഇസി പറഞ്ഞു.
പോളിങ് സ്റ്റേഷനുകള്‍ അധികവും സ്‌കൂളുകളിലായതിനാല്‍ വെള്ളം, വൈദ്യുതി, ശുചിമുറികള്‍ എന്നീ സൗകര്യങ്ങളും ലഭ്യമാകും. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാനായാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി സിഇസി സംസ്ഥാനത്തെത്തിയത്. തെരഞ്ഞെടുപ്പ് തിയതിയെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് അനുസരിച്ചായിരിക്കുമെന്നും മേയ് 24ന് മുമ്പായി തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.