വിശാഖപട്ടണം : ആന്ധ്രാ പ്രദേശിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ സന്നദ്ധപ്രവർത്തകൻ ബലാത്സംഗം ചെയ്‌ത സംഭവത്തിൽ നടപടി വൈകുന്നതായി പരാതി (Volunteer Rapes 10th standard Girl). എലുരു (Eluru) ജില്ലയിൽ രണ്ട് മാസം മുൻപാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. രാഷ്‌ട്രീയ പാർട്ടിയുടെ സമ്മർദത്തിൽ പൊലീസ് കേസിൽ നടപടി വൈകിപ്പിക്കുന്നതായാണ് പെൺകുട്ടിയുടെ കുടുംബത്തിന്‍റെ ആരോപണം.
രണ്ട് മാസം മുൻപ്, നീലപ്പു ശിവകുമാർ എന്നയാൾ പെൺകുട്ടിയുടെ വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് വരികയും മാതാപിതാക്കളുടെ ആധാർ കാർഡ് ചോദിക്കാനെന്ന വ്യാജേന വീട്ടിനകത്ത് കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്നുമാണ് പരാതി. മാതാപിതാക്കളോട് പറഞ്ഞാൽ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും പലതവണ പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്‌തതായി കുടുംബം ആരോപിച്ചു. പിന്നീട് സ്‌കൂൾ അവധിക്ക് പെൺകുട്ടി മുത്തശ്ശിയുടെ വീട്ടിലേയ്‌ക്ക് പോകുകയും ഇവിടെ വെച്ച് വൈദ്യപരിശോധനയ്‌ക്ക് വിധേയയാകുകയും ചെയ്‌തപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് രക്ഷിതാക്കൾ അറിഞ്ഞത്.
തുടർന്ന് രക്ഷിതാക്കൾ ശിവകുമാറിനെ നേരിൽ കാണുകയായിരുന്നു. എന്നാൽ 10,000 രൂപ നൽകാമെന്ന് പറഞ്ഞ് അയാൾ ഒത്തുതീർപ്പിന് ശ്രമിച്ചു. പക്ഷെ പെൺകുട്ടിയുടെ കുടുംബം വഴങ്ങാത്തതിനാൽ ഗ്രാമത്തിലെ മുതിർന്നവരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് നടത്തുകയും ഒത്തുതീർപ്പ് ചർച്ചക്കൊടുവിൽ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ശിവകുമാർ തയ്യാറാവുകയും ചെയ്‌തു. എന്നാൽ, വിവാഹത്തിന് ഒരു ദിവസം മുൻപ് ഇയാൾ നാട് വിടുകയായിരുന്നു.