ന്യൂഡൽഹി:കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി ) വഴി സംസ്ഥാന സര്‍ക്കാര്‍ ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി നല്‍കിയ അപേക്ഷയിലെ വിവരങ്ങൾ വിശകലനം ചെയ്യുന്നതായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഭൂമി ലഭ്യത ഉൾപ്പെടെയുള്ള വിവിധ വിവരങ്ങളാണ് കെഎസ്‌ഐഡിസി നല്‍കിയത്. 2020 ജൂണിലാണ് ശബരിമല വിമാനത്താവള നിര്‍മാണം സംബന്ധിച്ച് കേന്ദ്രത്തിന് കേരളം അപേക്ഷ നല്‍കിയത്.
ശബരിമല വിമാനത്താവളം: കേരളം നല്‍കിയ വിവരങ്ങള്‍ വിശകലനം ചെയ്യുന്നതായി കേന്ദ്ര വ്യോമയാന മന്ത്രാലയം - sabarimala green greenfield airport
ശബരിമല വിമാനത്താവളത്തിനായി കെഎസ്‌ഐഡിസി നല്‍കിയ അപേക്ഷയിലെ വിവരങ്ങളാണ് കേന്ദ്രം പരിശോധിക്കുന്നത്
എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ), ഡയറക്‌ട്‌റേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ), പ്രതിരോധ മന്ത്രാലയം (എംഒഡി), കെഎസ്‌ഐഡിസി എന്നിവരുമായി കൂടിയാലോചിച്ചാണ് നിർദേശം പരിഗണിച്ചത്. 'എഎഐ, ഡിജിസിഎ അധികൃതരുടെ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി, കെഎസ്‌ഐഡിസിയോട് ഒരു സാങ്കേതിക - സാമ്പത്തിക ലഭ്യത പഠനം (ടിഇഎഫ്‌എസ്) റിപ്പോർട്ട് സമർപ്പിക്കാൻ അഭ്യർഥിച്ചിരുന്നു. അന്തിമ ടിഇഎഫ്‌എസ് റിപ്പോർട്ടാണ് 2022 ജൂണിൽ കെഎസ്‌ഐഡിസി സമർപ്പിച്ചത്. അത് സംബന്ധിച്ച് എഎഐ, ഡിജിസിഐ എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു'- കേന്ദ്ര വ്യോമയാന സഹമന്ത്രി വികെ സിങ് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.
മറുപടി ജോണ്‍ ബ്രിട്ടാസിന്‍റെ ചോദ്യത്തിന്:സ്ഥല ലഭ്യത സംബന്ധിച്ചുള്ള പരിഗണനയ്‌ക്കായി 32-ാമത് സ്റ്റിയറിങ് കമ്മിറ്റിക്ക് മുന്‍പാകെ നിർദേശം സമർപ്പിച്ചു. ബാധ്യതകളില്ലാത്ത ഭൂമിയുടെ ലഭ്യത, സ്വതന്ത്ര ഏജൻസിയുടെ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട്, പ്രോജക്‌ടിന്‍റെ ആഭ്യന്തര തിരിച്ചടയ്‌ക്കല്‍ നിരക്ക് (ഐആര്‍ആര്‍) എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ കേരള സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു. ഇവ 2022 ഡിസംബറിൽ കെഎസ്‌ഐഡിസിയിൽ നിന്ന് ലഭിച്ചു. ഇത് വിശകലനം ചെയ്യുകയാണെന്ന് രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന്‍റെ ചോദ്യത്തിന് മറുപടിയായി വികെ സിങ് മറുപടി നല്‍കി. ലക്ഷക്കണക്കിന് ഭക്തര്‍ ഓരോ വർഷവും ശബരിമലയിലെത്തുന്ന സാഹചര്യത്തിലാണ് വിമാനത്താവളം പദ്ധതി സംബന്ധിച്ച അപേക്ഷ കേരളം കേന്ദ്രത്തിന് നല്‍കിയത്.