ശാന്തിനികേതൻ (പശ്ചിമ ബംഗാൾ): നൊബേൽ ജേതാവായ സാമ്പത്തിക ശാസ്‌ത്രജ്ഞൻ അമർത്യ സെന്നും വിശ്വഭാരതി സർവകലാശാലയും തമ്മിലുള്ള ഭൂമി തർക്കം കൂടുതൽ വഷളാകുന്നു. മെയ് ആറിനകം സെൻ ഭൂമി ഒഴിഞ്ഞില്ലെങ്കിൽ 1971ലെ കേന്ദ്ര ഭൂനിയമ പ്രകാരം ബലപ്രയോഗത്തിലൂടെ അദ്ദേഹത്തെ ഒഴിപ്പിക്കേണ്ടി വരുമെന്ന് അറിയിച്ചുകൊണ്ട് വിശ്വഭാരതി സർവകലാശാല അദ്ദേഹത്തിന് വീണ്ടും നോട്ടിസ് അയച്ചു.
കൈവശമുള്ള ഭൂമിയുടെ മുഴുവൻ ഭാഗത്തിന്‍റെയും അംഗീകൃത ഉടമ തങ്ങളാണെന്ന് വ്യക്‌തമാക്കുന്ന രേഖകൾ സെൻ കുടുംബം സംസ്ഥാന സർക്കാരിന് സമർപ്പിച്ച് നാല് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന് വിശ്വഭാരതി സർവകലാശാല നോട്ടിസ് അയച്ചത്. പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലെ അമർത്യ സെന്നിന്‍റെ 'പ്രതിചി' എന്ന വീടിരിക്കുന്ന സ്ഥലത്ത് വിശ്വഭാരതി സർവകലാശാലയുടെ 13 സെന്‍റ് സ്ഥലം അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നു എന്നാണ് ആരോപണം.
എന്നാൽ അമർത്യ സെൻ ഇപ്പോൾ വിദേശത്താണ്. അദ്ദേഹത്തിന്‍റെ അഭാവത്തിൽ ശാന്തിനികേതനിലെ 'പ്രതിചി' വീട് ഒഴിയാനാകില്ല. ഇതുമായി ബന്ധപ്പെട്ട കേസ് ബോൾപൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. കേസ് തീർപ്പാക്കുന്നതുവരെ 'പ്രതിചി' വീടിന്‍റെ പരിസരത്ത് ക്രമസമാധാനം നിലനിർത്താൻ ശാന്തിനികേതൻ പൊലീസിനോട് മജിസ്‌ട്രേറ്റ് നിർദേശിച്ചിട്ടുണ്ട്.
പിതാവ് പാട്ടത്തിനെടുത്ത ഭൂമി: വിശ്വഭാരതി സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള സ്ഥലം അമർത്യ സെൻ കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് സർവകലാശാല അധികൃതർ രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. ജനുവരി 24നാണ് കൈവശപ്പെടുത്തിയ ഭൂമി തിരികെ നൽകണമെന്നാവശ്യപ്പെട്ട് വിശ്വഭാരതി സർവകലാശാല അധികൃതർ സെന്നിന് കത്തയച്ചത്. പിന്നീട് രണ്ട് കത്തുകൾ കൂടി അയച്ചിരുന്നു.