വിശാഖപട്ടണം :കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ തന്‍റെ എല്ലാ ബിസിനസുകളും തെലങ്കാനയിലേക്ക് മാറ്റാനൊരുങ്ങി വൈഎസ്‌ആര്‍ കോണ്‍ഗ്രസ് എംപി എം.വി.വി സത്യനാരായണ. വിശാഖപട്ടണം വിട്ട് ഹൈദരാബാദിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അവിടെ തന്‍റെ എല്ലാ ബിസിനസ് പ്രവർത്തനങ്ങളും തുടരാനാണ് നീക്കമെന്നും സത്യനാരായണ വെളിപ്പെടുത്തിയതായാണ് ബന്ധപ്പെട്ട രാഷ്‌ട്രീയ വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി ഭരണതലസ്ഥാനമായി പ്രഖ്യാപിച്ച വിശാഖപട്ടണം വിട്ട് സത്യനാരായണ തെലങ്കാനയിലേക്ക് നീങ്ങുന്നതിനെ ചുറ്റിപ്പറ്റി രാഷ്‌ട്രീയ ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്.
വിശാഖപട്ടണം വിടാനുള്ള തീരുമാനം മുമ്പും : കഴിഞ്ഞ വർഷം മധുരവാഡയിലെ സായ് പ്രിയ ഗാർഡൻസിൽ സത്യനാരായണയും ഓഡിറ്റർ ജിവിയും ചേർന്ന് ഏറ്റെടുത്ത ബൃഹദ് പദ്ധതിയെച്ചൊല്ലി വിവാദം ഉയർന്നിരുന്നു. കേന്ദ്ര ഇന്‍റലിജൻസ് വിഭാഗത്തിലെ നോൺ കേഡർ എസ്‌പി തന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ചെറിയ ജല കനാൽ വഴിതിരിച്ചുവിട്ടെന്നും റോഡ് നിർമിച്ചുവെന്നും ആരോപിച്ച് രംഗത്തെത്തുകയും ചെയ്‌തിരുന്നു. വിവാദങ്ങള്‍ക്കിടെ 'ഇവിടെ കച്ചവടം സാധ്യമല്ലെങ്കില്‍ ഞാൻ ഹൈദരാബാദിലേക്ക് പോകും' - എന്ന് സത്യനാരായണ പൊട്ടിത്തെറിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
മാത്രമല്ല വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്‍റെ ഉത്തരാന്ധ്രയുടെ ചുമതല വഹിച്ചിരുന്ന വിജയ സായി റെഡ്ഡിയുമായും സത്യനാരായണ പല കാര്യങ്ങളിലും ഇടഞ്ഞിരുന്നു. അന്നും വിശാഖപട്ടണത്ത് വ്യാപാരസ്ഥാപനങ്ങൾ നടത്താൻ അനുവദിച്ചിക്കുന്നില്ല എന്ന വാദം തന്നെയായിരുന്നു സത്യനാരായണ ഉയര്‍ത്തിയത്. വിശാഖപട്ടണത്താകുമ്പോള്‍ സർക്കാരിൽ നിന്ന് ബിസിനസ് ആവശ്യമായ പെർമിറ്റുകൾ ലഭിക്കാൻ കാലതാമസമുണ്ടാകുന്നുവെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
എന്തിനാണ് ഈ 'ഓട്ടം' :ആന്ധ്രാപ്രദേശിൽ രാഷ്‌ട്രീയവും ബിസിനസും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാണെന്ന് സത്യനാരായണ അടുത്ത സുഹൃത്തുക്കളുമായി വെളിപ്പെടുത്തിയതായാണ് വിവരം. രാഷ്‌ട്രീയത്തിൽ ഉള്ളതുകൊണ്ട് തന്നെ ആക്ഷേപങ്ങള്‍ ഉയരുന്നുവെന്നും അത് വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായും അറിയുന്നു. അതുകൊണ്ടുതന്നെ ജനസേവനത്തിനായി വിശാഖപട്ടണത്ത് രാഷ്‌ട്രീയത്തില്‍ ഇടപെടുമെന്നും ഹൈദരാബാദിൽ ബിസിനസ് ചെയ്യാനും അദ്ദേഹം തീരുമാനത്തിലെത്തിയതായാണ് വിവരം.
എന്നാല്‍ തത്‌പരകക്ഷികള്‍ തന്‍റെ രാഷ്‌ട്രീയവും ബിസിനസും അനാവശ്യമായി കൂട്ടിക്കലർത്തുകയാണെന്ന് എം.വി.വി സത്യനാരായണ 'ഈനാട്' ദിനപത്രത്തോട് പ്രതികരിച്ചിരുന്നു. ഭരണപക്ഷത്തായതിനാൽ തന്നെ കള്ളപ്രചാരണങ്ങൾ കൂടുതലായി വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിശാഖപട്ടണത്തിന്‍റെ വികസനത്തിൽ അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള എംവിവി ബിൽഡേഴ്‌സ് വഹിച്ച പങ്ക് വലുതാണെന്നും ഇതുവഴി മികച്ച ഫ്ലാറ്റുകളും നിര്‍മിതികളും സമ്മാനിച്ചതായും അദ്ദേഹം അറിയിച്ചു. രാഷ്‌ട്രീയവുമായി ബന്ധിപ്പിച്ചാണ് ഇവിടെ കച്ചവടം ചൂണ്ടിക്കാണിക്കപ്പെടുന്നതെന്നും അതുകൊണ്ടുതന്നെ സമാധാനപരമായിരിക്കും എന്നതിനാലാണ് താന്‍ ഹൈദരാബാദിലേക്ക് പോകാൻ ആഗ്രഹിക്കുന്നതെന്നും സത്യനാരായണ കൂട്ടിച്ചേര്‍ത്തു.
Also read: Visakhapatnam Kidnapping: ക്രൈം ത്രില്ലറിനെ അനുസ്‌മരിപ്പിക്കുന്ന സംഭവം, സംഘം തട്ടിക്കൊണ്ടുപോയ എംപിയുടെ കുടുംബം നേരിട്ടത് ഞെട്ടിക്കുന്ന അനുഭവം
തട്ടിക്കൊണ്ടുപോകല്‍ ഇങ്ങനെ :ഇക്കഴിഞ്ഞ ഏപ്രിൽ 13നാണ് വിശാഖപട്ടണം എംപി എം.വി.വി സത്യനാരായണയുടെ ഭാര്യ ജ്യോതിയേയും മകൻ ചന്ദുവിനെയും എംവിപി കോളനിയിലെ വീട്ടിൽ നിന്ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ഇവരെ കാണാൻ ചെന്ന എംപിയുടെ ഓഡിറ്ററും ബിസിനസ് പങ്കാളിയും മുഖ്യമന്ത്രി ജഗൻ റെഡ്ഡിയുമായി അടുത്ത ബന്ധം പുലർത്തുന്ന ജി വി എന്ന ഗണ്ണമണി വെങ്കിടേശ്വര റാവുവിനെയും സംഘം തട്ടിക്കൊണ്ട് പോയിരുന്നു. പിന്നീട് ഇവരെ വിട്ടയയ്‌ക്കുകയും ചെയ്‌തു. എംപിയുടെ മകൻ അവധിക്കാലം ആഘോഷിക്കാൻ ഉപയോഗിക്കുന്ന വീട്ടിൽ സിസിടിവി ക്യാമറകളോ സുരക്ഷ ജീവനക്കാരോ ഇല്ലെന്നും ആളൊഴിഞ്ഞ പ്രദേശത്താണ് കെട്ടിടമുള്ളതെന്നും നേരത്തെ മനസിലാക്കിയിരുന്ന പ്രതികൾ ഇതിനനുസരിച്ച് പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍.