ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആരാധകർക്ക് ആവേശമായി കിങ് കോലി ടീമിനൊപ്പം ചേർന്നു. ശനിയാഴ്‌ച നടക്കുന്ന ആർസിബി അൺബോക്‌സ് ഇവന്‍റിൽ പങ്കെടുക്കുന്നതിനായാണ് കോലി ഇന്ന് ബെംഗളൂരുവിലെത്തിയത്. കോലി ടീമിനൊപ്പം ചേർന്ന വാർത്ത റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
'കാത്തിരിപ്പിന് വിരാമം, വിരാട് കോലി ബാംഗ്ലൂരിലെത്തി. ഹാപ്പി ഹോം കമിങ് കിങ്', കോലിയുടെ ചിത്രത്തോടൊപ്പം ആർസിബി ട്വീറ്റ് ചെയ്‌തു. ടീമിന്‍റെ ആദ്യ പരിശീലന സെഷനിൽ ഫാഫ് ഡു പ്ലെസിസ്, വിരാട് കോഹ്‌ലി, ഗ്ലെൻ മാക്‌സ്‌വെൽ തുടങ്ങിയ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ ആരാധകർക്ക് മികച്ച അവസരമാണ് ആർസിബി അൺബോക്‌സ് ഇവന്‍റ് ഒരുക്കുന്നത്.
ഇതോടൊപ്പം വരാനിരിക്കുന്ന ഐപിഎൽ സീസണിലേക്കായുള്ള ആർസിബിയുടെ ഔദ്യോഗിക ജേഴ്‌സിയും ചടങ്ങിൽ അനാവരണം ചെയ്യും. കൂടാതെ മുൻ ആർസിബി ടീമംഗങ്ങളായ എബി ഡിവില്ലിയേഴ്‌സും ക്രിസ് ഗെയ്‌ലും വിരാട് കോഹ്‌ലിയും വീണ്ടും ഒന്നിക്കുന്നു അപൂർവ നിമിഷവും നാളെ നടക്കുന്ന ചടങ്ങിലൂടെ ആരാധകർക്ക് ആസ്വദിക്കാനാകും.
ഇതിഹാസങ്ങൾക്ക് ആദരം: ചടങ്ങിൽ എബി ഡിവില്ലിയേഴ്‌സിനെയും ക്രിസ് ഗെയ്‌ലിനെയും ഹാൾ ഓഫ് ഫെയിമിൽ ഉള്‍പ്പെടുത്തും. ഇതിന്‍റെ ഭാഗമായി എബി ഡിവില്ലിയേഴ്‌സും ക്രിസ് ഗെയ്‌ലും ധരിച്ചിരുന്ന ജഴ്‌സി നമ്പറുകൾ എന്നന്നേക്കുമായി പിന്‍വലിക്കുകയാണെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നേരത്തെ വ്യക്തമാക്കിയിരുന്നു.
2011 മുതല്‍ 2021 വരെയാണ് എബി ഡിവില്ലിയേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ഭാഗമായിരുന്നത്. ടീമിന്‍റെ ഏറ്റവും വിലപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു ഡിവില്ലിയേഴ്‌സ്. 11 സീസണുകളില്‍ ഫ്രാഞ്ചൈസിക്കായി 156 മത്സരങ്ങളിൽ നിന്ന് 4,491 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 37 അര്‍ധ സെഞ്ചുറികളും രണ്ട് സെഞ്ചുറികളും ഉള്‍പ്പെടുന്നതാണ് ഡിവില്ലിയേഴ്‌സിന്‍റെ പ്രകടനം.
2011 മുതല്‍ 2017 വരെയുള്ള ഏഴ് സീസണുകളിലാണ് ക്രിസ് ഗെയ്‌ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ചത്. 2009-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് ഗെയ്‌ല്‍ ഐപിഎല്ലിലേക്കെത്തുന്നത്. പിന്നീട് 2011ൽ ആര്‍സിബിയിലെത്തിയ താരത്തെ 2018ൽ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കുകയായിരുന്നു.
ആർസിബിക്കായി 91 മത്സരങ്ങളിൽ നിന്ന് 3,420 റണ്‍സാണ് ഗെയിൽ അടിച്ചുകൂട്ടിയത്. ഇതിൽ അഞ്ച് സെഞ്ച്വറികളും 21 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. 2013 സീസണ്‍ ഐപിഎൽ ഗെയിലിന്‍റെ ആറാട്ടിനാണ് സാക്ഷ്യം വഹിച്ചത്. സീസണിൽ 16 മത്സരങ്ങളില്‍ നിന്നും 708 റണ്‍സാണ് ഗെയ്‌ല്‍ അടിച്ച് കൂട്ടിയത്. പുറത്താവാതെ നേടിയ 175 റണ്‍സും ഇതിൽ ഉള്‍പ്പെടുന്നു.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെതിരായാണ് 2023 സീസണിൽ ആർസിബിയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനത്തോടെ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ ആർസിബി രാജസ്ഥാനോട് തോൽവി വഴങ്ങി നാലാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യുകയായിരുന്നു.
ആര്‍സിബി സ്‌ക്വാഡ്:ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), വിരാട് കോലി, അനുജ് റാവത്ത്, ദിനേശ് കാര്‍ത്തിക്, ഫിന്‍ അലന്‍, രജത് പടിദാര്‍, ഡേവിഡ് വില്ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഹര്‍ഷല്‍ പട്ടേല്‍, മഹിപാല്‍ ലോംറോര്‍, വാനിന്ദു ഹസരങ്ക, ആകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, ഷഹ്ബാസ് അഹമ്മദ്, സുയഷ് പ്രഭുദേശായ്, അവിനാഷ് സിങ്, സോനു യാദവ്, മനോജ് ഭണ്ഡാകെ, കരണ്‍ ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, മുഹമ്മദ് സിറാജ്, റീസെ ടോപ്ലി, ഹിമാന്‍ഷു ശര്‍മ, രജന്‍ കുമാര്‍, മൈക്കല്‍ ബ്രേസ്‌വെല്‍.