ഹൈദരാബാദ് :ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രഭാസും കൃതി സനോണും സെയ്‌ഫ് അലി ഖാനും കേന്ദ്രകഥാപാത്രങ്ങളായി വേഷമിട്ട 'ആദിപുരുഷ്' പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ആദ്യ ടീസർ മുതൽ വിവാദങ്ങളിൽ അകപ്പെട്ട ഓം റൗട്ടിന്‍റെ 'ആദിപുരുഷി'ന് മികച്ച അഡ്വാൻസ് ബുക്കിങാണ് ലഭിച്ചത്.
പ്രദര്‍ശന ദിനത്തില്‍ സിനിമയുടെ ബോക്‌സോഫിസ് ഫലങ്ങളെ കുറിച്ചുള്ള പ്രവചനങ്ങളും ആരംഭിച്ചിട്ടുണ്ട്. തിയേറ്ററുകളിൽ ആളുകൾ ഒത്തുകൂടുന്നതിന്‍റെ ആദ്യ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ 'ആദിപുരുഷ്' സ്‌ക്രീനിങിനിടെയുള്ള കൗതുകമായൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
തിയേറ്ററില്‍ 'ആദിപുരുഷ്' കാണാന്‍ ഒരു കുരങ്ങനും എത്തിയിരിക്കുകയാണ്. ഇതിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തിയേറ്ററിന് മുകളില്‍ ജനല്‍ പോലെയുള്ള ഒരു ചെറിയ ഓപ്പണിങില്‍ ഇരുന്ന് കുരങ്ങന്‍ പുറത്തേയ്‌ക്ക് തലയിട്ട് ബിഗ് സ്‌ക്രീനിലേക്ക് നോക്കുന്നതാണ് വീഡിയോയില്‍ കാണാനാവുക.
കുരങ്ങനെ കണ്ടതോടെ പ്രേക്ഷകരില്‍ ചിലര്‍ 'ആദിപുരുഷി'ലെ ജയ് ശ്രീറാം ഗാനം ആലപിക്കാന്‍ തുടങ്ങി. 'ആദിപുരുഷ്' പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേക്ക് കുരങ്ങന്‍ എത്തിയത്, പ്രേക്ഷകരില്‍ ഭഗവാന്‍ ഹനുമാനെ ഓര്‍മിപ്പിച്ചു.
റിലീസിന് മുന്നോടിയായി തന്നെ സംവിധായകന്‍ ഓം റൗട്ട് തിയേറ്റർ ഉടമകളോട് ഹനുമാന്‍റെ പേരിൽ സീറ്റ് റിസർവ് ചെയ്യണമെന്ന് അഭ്യർഥിച്ചിരുന്നു. ഹനുമാനോടുള്ള ആദരസൂചകമായി, ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും ഒരു സീറ്റ് ഒഴിച്ചിടണമെന്ന് ഓം റൗട്ട് അഭ്യര്‍ഥിച്ചു.
തിയേറ്ററുകളില്‍ ഹനുമാനായി സീറ്റ് റിസര്‍വ് ചെയ്യുന്നതോടെ 'ആദിപുരുഷ്' സിനിമയുടെ പ്രദർശന വേളയിൽ ഹനുമാന്‍റെ ആത്മീയ സാന്നിധ്യത്തിന്‍റെ ആദരവും അംഗീകാരവും പ്രതീകപ്പെടുത്തുമെന്നും സംവിധായകന്‍ പറഞ്ഞു. റിലീസുമായി ബന്ധപ്പെട്ട് തിരുപ്പതിയിൽ നടന്ന പ്രൗഢ ഗംഭീരമായ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.