ഹാമിർപൂർ (ഉത്തർപ്രദേശ്) : തടവുകാരൻ മദ്യം വാങ്ങുമ്പോൾ കാവൽ നിന്ന് പൊലീസുകാരൻ. ഉത്തർപ്രദേശിലാണ് സംഭവം. വിചാരണ തടവുകാരൻ ഹാമിർപൂർ പ്രദേശത്തെ കിംഗ് റോഡിൽ സ്ഥിതി ചെയ്യുന്ന വില്‍പ്പന ശാലയില്‍ നിന്ന് മദ്യം വാങ്ങുമ്പോള്‍ പൊലീസുകാരന്‍ പിന്നിൽ കാത്തുനിൽക്കുന്ന ചിത്രം പുറത്തുവന്നു. തടവുകാരനെ കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം.
വഴിയിലെ വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് മദ്യം വാങ്ങാൻ പൊലീസ് ഇയാളെ സഹായിക്കുകയായിരുന്നു. സംഭവത്തിന്‍റെ ചിത്രം സമീപത്ത് ഉണ്ടായിരുന്ന ഒരാൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തു. കുറ്റവാളികളെ ഇങ്ങനെ സംരക്ഷിക്കുന്ന സൗഹൃദപ്പൊലീസിനെ വേറൊരു സംസ്ഥാനത്തും കാണില്ലെന്നും കോടതിയിൽ എത്തിക്കേണ്ട ക്രിമിനലിന് ദാഹിച്ചതുകൊണ്ട് മദ്യം വാങ്ങാന്‍ അവസരമൊരുക്കിയതാണെന്നും ആളുകള്‍ പരിഹാസ രൂപേണ കുറിച്ചുകൊണ്ട് ചിത്രം പോസ്റ്റ് ചെയ്‌തു.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ഹാമിർപൂർ പൊലീസ് സൂപ്രണ്ട് അറിയിച്ചു. പ്രതിക്ക് അകമ്പടി പോയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ ഇയാളുടെ മേലുദ്യോഗസ്ഥർക്കെതിരെയും അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് എസ്‌പി പറഞ്ഞു.
ഉത്തർപ്രദേശിൽ തടവുകാര്‍ക്ക് പൊലീസ് ഒത്താശ ചെയ്യുന്നത് ആദ്യ സംഭവമല്ല. മാർച്ചിൽ, ലഖ്‌നൗവിലെ ഒരു ഷോപ്പിംഗ് മാളിലേക്ക് നാല് പൊലീസുകാർ തടവുകാരനെ കൊണ്ടുപോകുന്ന വീഡിയോ വൈറലായിരുന്നു. വിവാദമായതോടെ, സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് പ്രതിയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ശേഷം ജയിലിലേക്ക് മടങ്ങുമ്പോഴാണ് പ്രതിയുമായി പൊലീസ് ഷോപ്പിങ് മാളിലെത്തിയത്.