ന്യൂഡൽഹി:ഡോക്‌ടർമാർക്കെതിരായ അതിക്രമങ്ങൾക്കെതിരെ കേന്ദ്രനിയമം വേണമെന്ന ആവശ്യം അംഗീകരിക്കുന്നതിനായി ഇന്ത്യയിലുടനീളമുള്ള 1700 ശാഖകളിൽ നിന്ന് പത്ത് ലക്ഷത്തോളം ഡോക്‌ടർമാരും വൈദ്യശാസ്ത്ര വിദഗ്‌ധരും വെള്ളിയാഴ്‌ച ദേശീയ പ്രതിഷേധ ദിനമായി ആചരിക്കും.
ഡോക്‌ടർമാർക്കെതിരായ ആക്രമണത്തിൽ കേന്ദ്ര നടപടി വേണം
അസമിലെ യുവ ഡോക്‌ടർക്കെതിരായ ആക്രമണം, വനിതാ ഡോക്‌ടർമാർക്കെതിരായ ആക്രമണം, ഹൂഗ്ലി പശ്ചിമ ബംഗാൾ, കർണാടക എന്നിവിടങ്ങളിൽ ഡോക്‌ടർമാർക്കെതിരെ നടന്ന ഭീകരമായ സംഭവങ്ങൾ മുതലായവ ഡോക്‌ടർമാർക്കിടയിൽ മാനസിക ആഘാതം സൃഷ്‌ടിക്കുന്നവയാണ്. അതിനാൽ ഇത്തരം അതിക്രമങ്ങൾക്കെതിരെ കേന്ദ്രം നടപടി സ്വീകരിക്കണെമന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നതെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പ്രസിഡന്‍റ് ഡോ. ജെ.എ. ജയലാൽ പറഞ്ഞു.
Read more:ഡോക്ടർക്കെതിരെ ആക്രമണം : നാല് പേര്‍ അറസ്റ്റിൽ
നിലവിലെ ബിൽ പ്രാബല്യത്തിൽ വരുത്തണം
ഡ്യൂട്ടി ഡോക്‌ടർമാരെയും മറ്റ് ആരോഗ്യപരിപാലകരെയും ആക്രമിക്കുന്നവരെ പത്ത് വർഷം വരെ ജയിൽ ശിക്ഷയ്‌ക്ക് വിധിക്കുന്ന 2019ലെ ഹെൽത്ത് സർവീസ് പേഴ്‌സണൽ ആൻഡ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്‍റ് ബിൽ ഇതുവരെ പ്രാബല്യത്തിൽ വന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ 21 സംസ്ഥാനങ്ങൾക്ക് പ്രാദേശിക നിയമങ്ങൾ നടപ്പിലാക്കുന്നുണ്ട്. എന്നാൽ ഇത്തരം അക്രമങ്ങൾക്കെതിരെ കേന്ദ്ര തലത്തിൽ ശക്തമായ നിയമം നടപ്പിലാക്കുകയാണ് വേണ്ടതെന്നും ഡോക്‌ടർ ആവശ്യപ്പെട്ടു.