ടൊവിനോ തോമസിന്‍റെ 'ഐഡന്‍റിറ്റി'യില്‍ തെന്നിന്ത്യന്‍ താരം വിനയ് റായും. ഇത് മലയാളത്തിലേക്കുള്ള വിനയ് റായ്‌യുടെ രണ്ടാം വരവാണ്. നേരത്തെ പുറത്തിറങ്ങിയ മമ്മൂട്ടി - ബി.ഉണ്ണികൃഷ്‌ണന്‍ ചിത്രം 'ക്രിസ്‌റ്റഫറി'ലൂടെയാണ് വിനയ് റായുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം.
ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഒരു ഇന്‍വെസ്‌റ്റിഗേറ്റീവ് ആക്ഷന്‍ ചിത്രമാണ് 'ഐഡന്‍റിറ്റി' (Identity). ടൊവിനോ തോമസ് (Tovino Thomas) നായകനായെത്തുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താര സുന്ദരി തൃഷയാണ് നായികയായി എത്തുന്നത്. ടൊവിനോ തോമസിന്‍റെയും തൃഷയുടെയും ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്.
30 ദിവസത്തെ ചിത്രീകരണമാണ് 'ഐഡന്‍റിറ്റി'യുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി അണിയറപ്രവര്‍ത്തകര്‍ മാറ്റിവച്ചിരിക്കുന്നത്. 100 ദിവസത്തെ ചിത്രീകരണമാണ് സിനിമയ്‌ക്ക് പ്ലാന്‍ ചെയ്‌തിരിക്കുന്നത്.
2023 സെപ്‌റ്റംബര്‍ 23ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചി, ബെംഗളൂരു, മൗറീഷ്യസ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം. 50 കോടി ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നാല് ഭാഷകളിലായി വമ്പന്‍ ക്യാന്‍വാസിലാണ് ഒരുങ്ങുന്നത്. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തും.
'ഫോറന്‍സിക്' (Forensic) സംവിധായകരായ അഖില്‍ പോള്‍ - അനസ് ഖാന്‍ എന്നിവരാണ് 'ഐഡന്‍റിറ്റി'യുടെ സംവിധാനം. 'ഫോറന്‍സികി'ലും ടൊവിനോ തോമസ് തന്നെയായിരുന്നു നായകന്‍. രാഗം മൂവീസിന്‍റെ ബാനറില്‍ രാജു മല്യത്ത്, സെഞ്ച്വറി കൊച്ചുമോന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.
ടൊവിനോ തോമസ്, തൃഷ എന്നിവരെ കൂടാതെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിവിധ ഭാഷകളിലെ പ്രമുഖ താരങ്ങളും സിനിമയുടെ ഭാഗമായേക്കുമെന്നാണ് സൂചന. അതേസമയം തൃഷയെ കൂടാതെ 'ഐഡന്‍റിറ്റി'യില്‍ മറ്റൊരു നായിക കൂടിയുണ്ട്. മഡോണ സെബാസ്റ്റ്യനും (Madonna Sebastian) സിനിമയില്‍ സുപ്രധാന വേഷത്തിലെത്തുന്നു.
തെന്നിന്ത്യന്‍ നായികമാരില്‍ മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയാണ് തൃഷ. ഇതുവരെ രണ്ട് മലയാള ചിത്രങ്ങളിലാണ് തൃഷ അഭിനയിച്ചിട്ടുള്ളത്. നിവിന്‍ പോളിയുടെ നായികയായായിരുന്നു തൃഷയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. 2018ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്‌ത 'ഹേഡ് ജൂഡ്' എന്ന സിനിമയ്‌ക്ക് ശേഷം മോഹന്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഇനിയും റിലീസാകാത്ത 'റാം' (Ram) ആണ് തൃഷയുടെ രണ്ടാമത്തെ മലയാള ചിത്രം.
അതേസമയം 'നീലവെളിച്ചം' (Neelavelicham), 2018, 'വഴക്ക്' (Vazhakku) എന്നീ ചിത്രങ്ങളാണ് ടൊവിനോയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. 'അജയന്‍റെ രണ്ടാം മോഷണം' (Ajayante Randam Moshanam), 'അന്വേഷിപ്പിന്‍ കണ്ടെത്തും' (Anveshippin Kandethum) 'നടികര്‍ തിലകം' (Nadikar Thilakam) എന്നിവയാണ് ടൊവിനോയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.
ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന 'നടികര്‍ തിലകം' എന്ന സിനിമയില്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. പല കാരണങ്ങളാൽ പ്രതിബന്ധങ്ങൾ നേരിടുന്ന ഡേവിഡിന്‍റെ പ്രൊഫഷണൽ ജീവിതവും, ഈ വെല്ലുവിളികളിൽ നിന്നും സ്വയം മോചിതനാകാനുള്ള ഡേവിഡിന്‍റെ ശ്രമങ്ങളും കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പാന്‍ ഇന്ത്യന്‍ ചിത്രമായാണ് 'അജയന്‍റെ രണ്ടാം മോഷണം' ഒരുങ്ങുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന പിരിയോഡിക്കല്‍ എന്‍റര്‍ടെയ്‌നറില്‍ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം കൂടിയാണ് 'അജയന്‍റെ രണ്ടാം മോഷണം'.
Also Read:പുതിയ ഭാവത്തില്‍ മിന്നല്‍ മുരളി ; സൂപ്പര്‍ ഹീറോയുടെ കോമിക്‌സ് ഇനി ടിങ്കിളിലും അമര്‍ ചിത്രകഥയിലും