ചെന്നൈ :തമിഴ്‌നാട്ടിലെ വില്ലുപുരം ആശ്രമത്തിലെ അന്തേവാസികളായ സ്‌ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരകളായതായി ദേശീയ വനിത കമ്മിഷൻ. ഈ ആശ്രമത്തിൽ കഴിയുന്ന ഭിന്നശേഷിയും മാനസിക വെല്ലുവിളിയും നേരിടുന്ന രണ്ട് സ്‌ത്രീകളാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. വനിത കമ്മിഷൻ അംഗങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് ഇരകളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തിയത്.
അന്തേവാസിയായ ജവഹറുല്ലയെ കാണാതായ സംഭവത്തില്‍ ബന്ധുക്കൾ ദിവസങ്ങള്‍ക്ക് മുന്‍പ് മദ്രാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. ജവഹറിനെ കാണാന്‍ കുടുംബം ആശ്രമത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ കാണാതായെന്ന് വിവരം ലഭിച്ചു. ഇതോടെയാണ് കുടുംബം ഈ ഹര്‍ജി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആശ്രമം അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായി. കുരങ്ങുകളെ ഉപയോഗിച്ച് അന്തേവാസികളെ ഉപദ്രവിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. ആശ്രമത്തിൽ താമസിച്ചിരുന്ന 15ലധികം പേരെ കാണാതായെന്നും പൊലീസ് സ്ഥിരീകരിച്ചു.
ആശ്രമം അടച്ചുപൂട്ടാന്‍ കലകട്‌റുടെ ഉത്തരവ്:സർക്കാർ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ആശ്രമത്തിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചികിത്സ വേണ്ടവരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. ആശ്രമത്തിൽ സ്‌ത്രീകളായ അന്തേവാസികളെ ലൈംഗികമായ പീഡനത്തിന് ഇരയാക്കിയ സംഭവം തമിഴ്‌നാട്ടില്‍ കോളിളക്കം സൃഷ്‌ടിച്ചു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് അനുമതിയില്ലാതെ പ്രവര്‍ത്തിച്ച ആശ്രമം സീൽ ചെയ്യാൻ ജില്ല കലക്‌ടര്‍ ഉത്തരവിട്ടു. കൂടാതെ കേസ് ഗൗരവമായി അന്വേഷിക്കാൻ തമിഴ്‌നാട് ഡിജിപി ശൈലേന്ദ്രബാബു ഇന്നലെ (ഫെബ്രുവരി 18) സിബിസിഐഡിക്ക് നിർദേശം നൽകി.