ഭരത്‌പൂരിൽ നടന്ന പ്രതിഷേധം ഭരത്പൂർ:രാജസ്ഥാനിലെ ഭരത്‌പൂരിൽ ബുധനാഴ്‌ച രാത്രിയിൽ പ്രതിമകൾ സ്ഥാപിക്കാനുള്ള സംസ്ഥാന ടൂറിസം വകുപ്പിന്‍റെ നിർദേശത്തിനെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. സുരക്ഷ ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. ജില്ലയിലെ നദ്ബായ് മേഖലയിലാണ് സംഭവം.
സംഭവം നടന്നതിങ്ങനെ: ടൂറിസം മന്ത്രി വിശ്വേന്ദ്ര സിങ്ങും നദ്‌ബായ് എംഎൽഎ ജോഗീന്ദർ അവാനയും ബുധനാഴ്‌ച വൈകിട്ട് വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിക്കുന്നത്. മഹാരാജ സൂരജ്‌മലിന്‍റെയും പരശുരാമന്‍റെയും പ്രതിമകൾ കുംഹർ സ്ക്വയറിൽ സ്ഥാപിക്കുകയും ഡോ. ബി ആർ അംബേദ്‌കറിന്‍റെ പ്രതിമ ബെയ്‌ലാര കവലയിൽ സ്ഥാപിക്കുകയും ചെയ്യും എന്നായിരുന്നു വാർത്ത സമ്മേളനത്തിൽ മന്ത്രി അറിയിച്ചത്. എന്നാൽ അംബേദ്‌കർ പ്രതിമക്ക് പകരം മഹാരാജ സൂരജ്‌മലിന്‍റെ പ്രതിമ ബെയ്‌ലാര കവലയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗ്രാമവാസികൾ പ്രതിഷേധം ആരംഭിച്ചത്.
അഡിഷണൽ ഡിവിഷണൽ കമ്മിഷണർ അഖിലേഷ് കുമാർ പിപ്പൽ ബുധനാഴ് ഡെറാ മോഡ് പൊലീസ് പോസ്റ്റിന് സമീപം മഹാരാജ സൂരജ്‌മലിന്‍റെ പ്രതിമ സ്ഥാപിക്കാൻ നോട്ടിസ് നൽകിയതായി വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ, വാർത്ത സമ്മേളനത്തിന് ശേഷം ടൂറിസം മന്ത്രി വിശ്വേന്ദ്ര സിങ്, പ്രതിമകള്‍ സ്ഥാപിക്കുന്ന സ്ഥാനങ്ങളുടെ കാര്യത്തില്‍ മാറ്റമൊന്നും വരുത്തില്ലെന്നും പ്രതിമകൾ നിയുക്ത സ്ഥലങ്ങളിൽ സ്ഥാപിക്കുമെന്നും അറിയിച്ചു. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. രോഷാകുലരായ പ്രതിഷേധക്കാർ ബെയ്‌ലാര ഇന്‍റർസെക്ഷൻ റോഡിൽ ഇന്ധനം ഒഴിക്കുകയും റോഡിന് തീയിടുകയും ചെയ്‌തു.
തീ അണയ്ക്കാൻ പൊലീസും അത്യാഹിത വിഭാഗവും സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധക്കാർ സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞു. പ്രകോപിതരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിന് കണ്ണീർ വാതകം പ്രയോഗിക്കേണ്ടി വന്നു. ജില്ല കലക്‌ടർ അലോക് രഞ്ജൻ, പൊലീസ് സൂപ്രണ്ട് ശ്യാം സിങ് എന്നിവരും സംഭവസ്ഥലത്തെത്തി. ടൂറിസം മന്ത്രി വിശ്വേന്ദ്ര സിങ്ങിന്‍റെ മകൻ അനിരുദ്ധ് വ്യാഴാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെ നദ്ബായിയിലെത്തി.
'ഇന്ന് മഹാരാജ സൂരജ്‌മൽ അപമാനിക്കപ്പെട്ടു. അപമാനിച്ച രീതി ലജ്ജാകരമാണ്. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല, പക്ഷേ ഞാൻ എന്‍റെ സുഹൃത്തുക്കൾക്ക് ഒപ്പമാണ്, സമൂഹത്തിനൊപ്പമാണ്, ഞാൻ എപ്പോഴും അവരോടൊപ്പമുണ്ട്, ഞാൻ എന്നും ഉണ്ടായിരിക്കും. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് എല്ലാവരെയും കാണാൻ നദ്‌ബായിയിലെത്തും' -അനിരുദ്ധ് ട്വിറ്ററിൽ കുറിച്ചു.
അതേസമയം, ഇന്ന് നദ്‌ബായിയിലെ ബെയ്‌ലാരയിൽ അംബേദ്‌കർ ജയന്തി/ുമായി ബന്ധപ്പെട്ട് നടത്താനിരുന്ന പരിപാടി മാറ്റിവച്ചു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി ജില്ല കലക്‌ടർ അലോക് രഞ്ജൻ പരിപാടിക്ക് അനുമതി നൽകിയില്ല. നൂറുകണക്കിന് ആളുകൾക്കൊപ്പം അനിരുദ്ധ് ബെയ്‌ലാര സ്‌ക്വയറിലെത്തി ഭൂമി പൂജ നടത്തി മഹാരാജ സൂരജ്‌മലിന്‍റെ ചിത്രം പതിപ്പിച്ചു. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനം തകർക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അതിനാലാണ് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയത്തിന് കീഴിൽ ക്രമസമാധാന നില സൃഷ്‌ടിക്കുന്നതെന്നും അനിരുദ്ധ് പറഞ്ഞു. അമിത് ഷാ ഏപ്രിൽ 15 ന് ഭരത്പൂർ സന്ദർശിക്കുന്നുണ്ടെന്നും എന്നാൽ അദ്ദേഹത്തിന്‍റെ സന്ദർശനം അട്ടിമറിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നുമാണ് അനിരുദ്ധ് ഉന്നയിക്കുന്ന ആരോപണം.