ഗഡഗ് (കര്‍ണാടക):കര്‍ണാടകയിലെ ഗഡഗില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്‌ഘാടനം ചെയ്യാനെത്തിയ ആളെ കണ്ട് കൂടി നിന്നവർ ഒന്നു ഞെട്ടി. എംഎല്‍എയെയോ എംപിയെയോ പ്രതീക്ഷിച്ചവര്‍ക്ക് മുന്നിലെത്തിയത് ഒരു പോത്താണ്. വര്‍ഷങ്ങളായി ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കണമെന്ന ആവശ്യം അവഗണിക്കുന്ന അധികൃതരോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഈ വ്യത്യസ്‌ത ഉദ്ഘാടനം.
കഴിഞ്ഞ 15 വർഷമായി ബസ് സ്റ്റാന്‍ഡ് നിര്‍മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം അവഗണിക്കുന്ന ജനപ്രതിനിധികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായി നാട്ടുകാര്‍ കണ്ട ഏക മാർഗമായിരുന്നു പോത്തിനെ കൊണ്ടുള്ള ഉദ്‌ഘാടനം. 40 വര്‍ഷം മുന്‍പ് പണിത ഒരു ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഇവിടെ മുന്‍പുണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത് തകര്‍ന്ന് വീണു.
അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. ബസില്‍ യാത്ര ചെയ്യണമെങ്കില്‍ മഴയും വെയിലുമെല്ലാം കൊണ്ട് റോഡില്‍ നില്‍ക്കേണ്ട അവസ്ഥയായി. അല്ലെങ്കില്‍ സമീപത്തുള്ള ചായക്കടയില്‍ കയറി ഇരിക്കണം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെ ഇതിനൊരു പരിഹാരം കാണാന്‍ നാട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു.
മുകള്‍ ഭാഗം തെങ്ങോല കൊണ്ട് മറച്ചുള്ള ഒരു താത്‌കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം നാട്ടുകാര്‍ നിർമിച്ചു. പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായുള്ള തുക വകയിരുത്തിയത് എംഎല്‍എ, എംപി ഫണ്ടില്‍ നിന്നാണ് എന്നെഴുതിയ ഒരു ബാനറും കെട്ടി. തുടര്‍ന്ന് റിബ്ബണ്‍ കെട്ടി പോത്തിനെ കൊണ്ട് ഉദ്‌ഘാടനവും ചെയ്യിപ്പിച്ചു. കര്‍ണാടകയിലെ ഈ വ്യത്യസ്‌ത ഉദ്‌ഘാടനം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
Also read: ഇരിപ്പിടം മുറിച്ചത് സദാചാരവാദികളെന്ന് സിഇടി വിദ്യാര്‍ഥികള്‍ ; ഇരിപ്പല്ല കിടപ്പാണെന്ന് അധിക്ഷേപവുമായി റസിഡന്‍സ് അസോസിയേഷന്‍