കോഡെർമ (ജാര്‍ഖണ്ഡ്):രാജ്യം 5ജി സാങ്കേതിക വിദ്യക്കായി തയ്യാറെടുക്കുമ്പോള്‍ മൊബൈൽ നെറ്റ്‌വര്‍ക്ക് പോലുമില്ലാതെ ഒരു ഗ്രാമം. ജാർഖണ്ഡിലെ കോഡെർമയിലുള്ള ബംഗഖ്‌ലാർ ഗ്രാമത്തിലാണ് മൊബൈൽ നെറ്റ്‌വര്‍ക്കില്ലാത്തത്. കൈയിലുള്ള മൊബൈല്‍ ഫോണുകളുമായി വീടിന്‍റെ മേല്‍ക്കൂരയിലേക്കും മരത്തിന്‍റെ മുകളിലേക്കും വലിഞ്ഞുകയറുന്ന ഇവിടത്തുകാര്‍ ഇൻകമിങ് കോളിനായി കൊതിക്കാറുണ്ടെന്ന് പറഞ്ഞാലും ആശ്ചര്യപ്പെടാനില്ല.
നെറ്റ്‌വർക്ക് കിട്ടാന്‍ മരം കയറണം, മൊബൈൽ നെറ്റ്‌വര്‍ക്കില്ലാതെ കോഡെർമ - Jharkhand Koderma village
സാങ്കേതിക വിദ്യയില്‍ മുന്നോട്ടു കുതിക്കുമ്പോഴും രാജ്യത്ത് മൊബൈൽ നെറ്റ്‌വര്‍ക്ക് പോലുമില്ലാതെ ജാര്‍ഖണ്ഡിലെ കോഡെർമ പോലുള്ള ഗ്രാമങ്ങളുണ്ട്
കോഡെർമയിലെ ദോംചഞ്ച് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ബംഗഖ്‌ലാറിലെ ഈ ഗ്രാമം പൂർണമായും വനങ്ങളാലും മലകളാലും ചുറ്റപ്പെട്ടതാണ്. അതുകൊണ്ട് തന്നെ മൊബൈൽ നെറ്റ്‌വര്‍ക്ക് ഒരു വലിയ പ്രശ്‌നമായി തന്നെ നിലനില്‍ക്കുന്നു. മൊബൈല്‍ സംസാരിക്കേണ്ടതായി വന്നാല്‍ ഇവര്‍ക്ക് മരം കയറലല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. മൊബൈൽ നെറ്റ്‌വര്‍ക്കില്ലാത്ത നിസഹായ അവസ്ഥ ഒന്നുകൂടി പ്രകടമാകുന്നത് ആര്‍ക്കെങ്കിലും അസുഖം പിടിപെടുമ്പോഴാണ്.
സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഗ്രാമത്തിലും അക്ഷയ സെന്‍ററിന് സമാനമായ പ്രജ്ഞാകേന്ദ്രമുണ്ട്. എന്നാല്‍ നെറ്റ്‌വര്‍ക്ക് ഇവിടെയും വില്ലനായി തുടരുന്നു. അതുകൊണ്ടുതന്നെ മിക്കസമയങ്ങളിലും പ്രജ്ഞാകേന്ദ്രം അടഞ്ഞുകിടക്കാറാണുള്ളത്. അല്ലാത്ത സമയങ്ങളില്‍ പ്രജ്ഞാകേന്ദ്രത്തിന്റെ നടത്തിപ്പുകാർ ഗ്രാമത്തിലെ ഉയർന്ന സ്ഥലത്ത് ചെന്ന് മൊബൈലിൽ തന്നെ ഫയലുകള്‍ ഡൗൺലോഡ് ചെയ്ത ശേഷം മടങ്ങിയെത്തി പ്രിന്റ് ഔട്ട് ജനങ്ങൾക്ക് നൽകലാണ് പതിവ്. പരീക്ഷ റിസള്‍ട്ടുകളുടെയോ, അപേക്ഷകളുടെയോ സമയത്ത് ഈ ഉദ്യമം കഠിനമാകാറുമുണ്ട്.