ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന ചിയാന്‍ വിക്രം Vikram ചിത്രമാണ് 'ധ്രുവനച്ചത്തിരം' (Dhruva Natchathiram). ഗൗതം വാസുദേവ് മേനോന്‍ (Gautham Vasudev Menon) സംവിധാനം ചെയ്യുന്ന സിനിമയിലെ പുതിയ ഗാനത്തിന്‍റെ പ്രമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. 'ധ്രുവനച്ചത്തിര'ത്തിലെ രണ്ടാമത്തെ ഗാനമായ 'ഹിസ് നെയിം ഈസ് ജോണി'ന്‍റെ (His Name is John) പ്രമോ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രമോയില്‍ ഗാനത്തിന്‍റെ റിലീസ് തീയതിയും പങ്കുവച്ചിട്ടുണ്ട്. നാളെയാണ് (ജൂലൈ 18) 'ഹിസ് നെയിം ഈസ് ജോണ്‍' എന്ന ഗാനം റിലീസ് ചെയ്യുക.
ഒരു ഗ്യാങ്സ്‌റ്റർ ഡ്രാമ സ്‌പൈ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയില്‍ 'ജോണ്‍' എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് 'ധ്രുവനച്ചത്തിര'ത്തില്‍ വിക്രം പ്രത്യക്ഷപ്പെടുന്നത്. സിനിമയില്‍ നിന്നുള്ള വിക്രമിന്‍റെ ലുക്കുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
2016ലാണ് 'ധ്രുവനച്ചത്തിര'ത്തിന്‍റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ സിനിമ പല കാരണങ്ങളാല്‍ മുടങ്ങി പോവുകയായിരുന്നു. താമരൈയുടെ വരികൾക്ക് ഹാരിസ് ജയരാജ് (Harris Jayaraj) ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. നിരവധി ഹിറ്റ് ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഹാരിസ് ജയരാജിന്‍റെ 'ധ്രുവനച്ചത്തിരം' പാട്ടുകളും ആരാധകരുടെ ഇഷ്‌ട ലിസ്റ്റില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ വിക്രമിനെ കൂടാതെ ഋതു വർമ, ഐശ്വര്യ രാജേഷ്, സിമ്രാൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, അർജുൻ ദാസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തും. മലയാളിയായ ജോമോന്‍ ടി ജോണാണ് സിനിമയുടെ ഛായാഗ്രാഹകൻ.