ബെംഗളുരു :രാജ്യത്തിന്‍റെ ചാന്ദ്ര പര്യവേക്ഷണ ദൗത്യം, ചന്ദ്രയാന്‍ 3 വിക്രം ലാന്‍ഡര്‍ (Chandrayaan 3 Vikram lander) മുന്‍പ് ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലത്ത് നിന്ന് അന്തരീക്ഷത്തില്‍ ഉയര്‍ന്ന് വീണ്ടും സോഫ്റ്റ് ലാന്‍ഡ് (Vikram lander soft landing) നടത്തിയതായി ഐഎസ്‌ആര്‍ഒ. 40 സെന്‍റിമീറ്റർ ഉയർത്തുകയും 30 മുതൽ 40 സെന്‍റിമീറ്റർ അകലെ സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നെന്ന് ഐഎസ്ആർഒ ഇന്ന് രാവിലെ 11.6ന് എക്‌സില്‍ കുറിച്ചു. ഹോപ്പ് എക്‌സ്‌പിരിമെന്‍റ് എന്ന ഈ പരീക്ഷണം വിജയകരമായതായും കുറിപ്പില്‍ ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.
വിക്രം ലാൻഡർ അതിന്‍റെ ദൗത്യലക്ഷ്യങ്ങൾ കൈവരിച്ചുവെന്നും 'കിക്ക് - സ്റ്റാർട്ട്' ഭാവിയില്‍ ചന്ദ്രനില്‍ ശേഖരിക്കുന്നവ ഭൂമിയില്‍ എത്തിക്കാനും പുറമെ മനുഷ്യരെ പറഞ്ഞയക്കുന്ന ദൗത്യങ്ങൾക്കും ഇത് ആവേശം പകരുമെന്ന് ഐഎസ്ആർഒ പറഞ്ഞു. ചന്ദ്രനില്‍ നിന്നുള്ള വീഡിയോ അടക്കം പങ്കുവച്ചുകൊണ്ടാണ് ഐഎസ്‌ആര്‍ഒയുടെ എക്‌സ് കുറിപ്പ്.
ഭൂമിയില്‍ നിന്നും നിര്‍ദേശം നല്‍കിയത് പ്രകാരം ലാന്‍ഡറിനെ ഏകദേശം 40 സെന്‍റിമീറ്റര്‍ ഉയര്‍ത്തിയുള്ള പരീക്ഷണം സെപ്റ്റംബർ മൂന്നിനായിരുന്നു. വിക്രം ലാന്‍ഡര്‍ പരീക്ഷണത്തിന്‍റെ ഭാഗമായി, പ്രഗ്യാന്‍ റോവര്‍ ഇറങ്ങാന്‍ വേണ്ടി ഒരുക്കിയ റാമ്പും മറ്റ് ഉപകരണങ്ങളും മടക്കിവയ്‌ക്കുകയും ലാന്‍ഡിങ്ങിന് ശേഷം പഴയപടിയാക്കുകയും ചെയ്‌തിരുന്നു.
പ്രഗ്യാന്‍ റോവര്‍ സ്ലീപ് മോഡിലെന്ന് ഐഎസ്‌ആര്‍ഒ:ചന്ദ്രയാന്‍ 3 പ്രഗ്യാന്‍ റോവര്‍ പ്രവൃത്തി പൂര്‍ത്തിയാക്കി സ്ലീപ് മോഡിലേക്ക് നീങ്ങിയെന്ന് ഐഎസ്‌ആര്‍ഒ സെപ്‌റ്റംബര്‍ രണ്ടിന് അറിയിച്ചിരുന്നു. അസൈന്‍മെന്‍റുകള്‍ പൂര്‍ത്തിയാക്കി റോവര്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്‌ത് സ്ലീപ് മോഡിലേക്ക് മാറിയതായി ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഐഎസ്‌ആര്‍ഒ അറിയിച്ചത്.