മലയാള ചലച്ചിത്ര പ്രേക്ഷകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്‍റെ ആടുജീവിതം. സാഹിത്യകാരന്‍ ബെന്യാമിന്‍റെ ആടുജീവിതം നോവലിനെ ആസ്‌പദമാക്കി ബ്ലെസി അതേപേരില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അടുത്തിടെ സിനിമയുടെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
ചിത്രവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ് പുറത്തു വന്നിരിക്കുകയാണ് ഇപ്പോള്‍. തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിയാന്‍ വിക്രമാണ് ഇതുസംബന്ധിച്ച് പുതിയ വിവരം പങ്കുവച്ചിരിക്കുന്നത്. വിക്രമിന്‍റെ റിലീസിനൊരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ ടീം പ്രസ് മീറ്റ് നടത്തിയിരുന്നു. ഇതിനിടെയായിരുന്നു വിക്രമിന്‍റെ വെളിപ്പെടുത്തല്‍.
ആടുജീവിതം ട്രെയിലര്‍ കണ്ടപ്പോള്‍ എന്തു തോന്നി എന്ന ചോദ്യത്തിന് മറപുടി പറയുകയായിരുന്നു താരം. 'വളരെ നന്നായി. എനിക്ക് ഇഷ്‌ടപ്പെട്ടു. വളരെ കഴിവുള്ള സംവിധായകനാണ് ബ്ലെസി. ബ്ലെസിയുടെ ആദ്യ ചിത്രം കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെ കുറേ പ്ലാനിങ് നടന്നിരുന്നു. പക്ഷേ എനിക്ക് വേറെ കുറേ ചിത്രങ്ങള്‍ വന്നത് കൊണ്ട് അത് നടന്നില്ല. പാര്‍ട്ട് ടുവില്‍ ഞാനും ഉണ്ടാകും. ഞാന്‍ ആടായിട്ട് വരും' -വിക്രം പറഞ്ഞു.
വിക്രമിന്‍റെ മറുപടി കേട്ട് സദസ് ഒന്നടങ്കം ചിരിച്ചു. അതേസമയം ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യാനിരുന്ന കര്‍ണന്‍ ഇപ്പോഴും ചര്‍ച്ചകളില്‍ ഉണ്ടെന്നും വിക്രം പറഞ്ഞു. പൃഥ്വിരാജിന് പകരം ആടുജീവിതത്തില്‍ വിക്രമാണ് എത്തുന്നതെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ആടുജീവിതത്തിനായി പൃഥ്വിരാജ് പല ത്യാഗങ്ങളും സഹിച്ചിരുന്നു. ഇതുസംബന്ധിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായകന്‍ ബ്ലെസിയുമായി താരതമ്യം ചെയ്‌താല്‍ തന്‍റേത് ഒരു ത്യാഗമേ അല്ലെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
'എന്‍റെ കഴിഞ്ഞ കുറച്ച് വര്‍ഷ കാലത്തെ ജീവിതം ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്നത് ആടുജീവിതം എന്ന ചിത്രം കാരണമാണ്. ഒരു വര്‍ഷത്തില്‍ ചില പ്രത്യേക സമയത്ത് മാത്രമെ ആടുജീവിതം ചിത്രീകരിക്കാന്‍ പറ്റുകയുള്ളൂ. കാരണം മരുഭൂമിയിലെ കാലാവസ്ഥ അനുസരിച്ചാണ് ചിത്രീകരണം. എല്ലാവര്‍ഷവും ആ സമയം ആകുന്നതിന് കുറച്ച് മാസങ്ങള്‍ മുമ്പേ ഞാന്‍ താടി വളര്‍ത്തി തുടങ്ങും. തടി കുറച്ച് തുടങ്ങും. എന്നോട് ആളുകള്‍ ചോദിക്കാറുണ്ട്, കഴിഞ്ഞ കുറച്ച് നാളുകളായി എന്താണ് താടിവച്ച് അഭിനയിക്കുന്നതെന്ന്. എനിക്ക് കൃത്യമായ ടൈം ഗ്യാപ് നോക്കി മാത്രമെ താടി എടുക്കാന്‍ കഴിയുള്ളൂ.
2018 മുതല്‍ കഴിഞ്ഞ നാല് വര്‍ഷമായി എല്ലാം ഞാന്‍ പ്ലാന്‍ ചെയ്യുന്നത് ആ സമയം ആടുജീവിതത്തിന് മാറ്റിവച്ച് കൊണ്ടാണ്. അതുകൊണ്ട് തന്നെ ഇതരഭാഷ സിനിമകള്‍ നടനായും സംവിധായകനായും എനിക്ക് ചെയ്യാനാകാതെ പോയിട്ടുണ്ട്. ഇതു പറയുമ്പോള്‍ ഞാന്‍ വലിയ ത്യാഗം ചെയ്‌തതായി തോന്നും. എന്നാല്‍ 2008ലാണ് ബ്ലെസി എന്നോട് ഈ സിനിമയെ കുറിച്ച് സംസാരിക്കുന്നത്. അതിന് ശേഷം അദ്ദേഹം 'കളിമണ്ണ്' എന്ന ചിത്രം മാത്രമാണ് ചെയ്‌തത്. ശ്വേതയുടെ പ്രഗ്നന്‍സി കാരണം ആ സമയത്തെ ചിത്രീകരിക്കാന്‍ കഴിയൂ എന്നുള്ളത് കൊണ്ട് മാത്രമായിരുന്നു അത്. 2008ലും ഇപ്പോഴും ബ്ലെസി മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ്.
ഏത് നടന്‍റെ അടുത്ത് പോയിട്ട് അദ്ദേഹം സിനിമ പറഞ്ഞാലും താത്‌പര്യപൂര്‍വം അവര്‍ ഡേറ്റ് കൊടുക്കും. സിനിമ ചെയ്യുകയും ചെയ്യും. ഈ 14 വര്‍ഷ കാലം അദ്ദേഹത്തിന്‍റെ കരിയറിന്‍റെ പീക്കായിരുന്നു. എന്നിട്ടും ഒറ്റ സിനിമയ്‌ക്ക് വേണ്ടി അദ്ദേഹമത് മാറ്റിവച്ചു. അതുവച്ച് താരതമ്യം ചെയ്യുമ്പോള്‍ എന്‍റെ ത്യാഗം ഒന്നുമല്ല' -പൃഥിരാജ് പറഞ്ഞു.
അതേസമയം ഏപ്രില്‍ 28നാണ് 'പൊന്നിയിന്‍ സെല്‍വന്‍ 2' റിലീസിനെത്തുന്നത്. ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, തൃഷ കൃഷ്‌ണന്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തും. കൂടാതെ പ്രഭു, ശരത് കുമാര്‍, ജയറാം, ലാല്‍, ശോഭിത ധൂലിപാല. കിഷോര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തും.
Also Read:'താടി എടുക്കാന്‍ ടൈം ഗ്യാപ് നോക്കണം, 2018 മുതല്‍ പല സിനിമകളും നഷ്‌ടപ്പെട്ടു'; ആടുജീവിതം ത്യാഗങ്ങളെ കുറിച്ച് പൃഥ്വിരാജ്