ബെംഗളൂരു:സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന സ്വപ്‌ന സുരേഷിന്‍റെ പരാതിയെ തുടര്‍ന്ന് വിജേഷ് പിള്ള കര്‍ണാടക പൊലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. ബെംഗളൂരു കെആര്‍പുരം പൊലീസിന് മുമ്പാകെയാണ് ഇയാള്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. സ്വപ്‌ന സുരേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു പൊലീസ് വിജേഷിനെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു.
സ്വപ്‌നയുടെ പരാതി:സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ തെളിവുകള്‍ നശിപ്പിക്കാന്‍ വിജേഷ് പിള്ള തനിക്ക് 30 കോടി രൂപ വാഗ്‌ദാനം ചെയ്‌തുവെന്നതാണ് സ്വപ്‌ന സുരേഷിന്‍റെ പരാതി. അടുത്തിടെ സ്വപ്‌ന തന്‍റെ ഫേസ്‌ബുക്ക് വഴി നടത്തിയ ലൈവ് വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങളെ വിജേഷ് പിള്ള നിഷേധിക്കുകയായിരുന്നു.
ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് സ്വപ്‌ന തന്നെ അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞതെല്ലാം കെട്ടിച്ചമച്ച കാര്യങ്ങളാണെന്നുമാണ് വിജേഷ് പിള്ള പറഞ്ഞത്. ബെംഗളൂരു ഹോട്ടലില്‍ വച്ച് സ്വപ്‌നയുമായി കൂടിക്കാഴ്‌ച നടത്തിയത് വെബ് സീരിസ് ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്ന് വിജേഷ് പറഞ്ഞു.
ഇന്‍റര്‍വ്യൂ നടത്തണമെന്ന് പറഞ്ഞ് തന്നെയായിരുന്നു അവരെ ആദ്യം ബന്ധപ്പെട്ടത്. ചര്‍ച്ച നടത്തിയത് ഒടിടിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. സ്വപ്‌നയെക്കുറിച്ചുള്ള കണ്ടന്‍റ് ചെയ്യുകയാണെങ്കില്‍ അതിന് അനുസരിച്ചുള്ള വരുമാനം ഷെയര്‍ ചെയ്യാമെന്നായിരുന്നു സംസാരിച്ചത്- വിജേഷ് പിള്ള പറഞ്ഞു.
സ്വപ്‌ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് വിജേഷ്:കണ്ണൂര്‍ സ്വദേശിയായ താന്‍ എം വി ഗോവിന്ദന്‍ മാസ്‌റ്ററുടെ നാടിനടുത്താണെന്ന് പറഞ്ഞിരുന്നു. പക്ഷേ ഗോവിന്ദന്‍ മാസ്‌റ്ററിനെ ഇതുവരെ നേരിട്ട് പോലും കണ്ടിട്ടില്ല. തനിക്ക് ഗോവിന്ദന്‍ മാസ്‌റ്ററുമായോ ഏതെങ്കിലും പാര്‍ട്ടി നേതാക്കളുമായോ ബന്ധമില്ലെന്നും ഇതെല്ലാം സ്വപ്‌നയുടെ പ്ലാനിങ്ങാണെന്നും വിജേഷ് കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനാണ് മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും വെല്ലുവിളിച്ച് സ്വപ്‌ന സുരേഷ് ഫേസ്‌ബുക്ക് ലൈവില്‍ എത്തിയത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള ആരോപണങ്ങള്‍ പിന്‍വലിച്ച് ബെംഗളൂരുവിലേക്ക് വിട്ടാല്‍ 30 കോടി രൂപ നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നാണ് സ്വപ്‌നയുടെ ആരോപണം. മൂന്ന് ദിവസം മുമ്പ് വിജയന്‍പിള്ള എന്ന കണ്ണൂര്‍ സ്വദേശിയായ ഒരാള്‍ ചാനല്‍ അഭിമുഖത്തിനെന്ന പേരില്‍ തന്നെ വിളിച്ചുവെന്നും സിപിഎം ജില്ല സെക്രട്ടറി എം വി ഗോവിന്ദന്‍റെ നിര്‍ദേശ പ്രകാരമാണ് താന്‍ എത്തിയെത്തും ഇയാള്‍ അറിയിച്ചതായി സ്വപ്‌ന ഫേസ്‌ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയിരുന്നു.
ഭീഷണിക്ക് വഴങ്ങില്ലെന്ന് സ്വപ്‌ന: മുഖ്യമന്ത്രിക്കും കുടംബത്തിനുമെതിരായി നേരിട്ടും ഡിജിറ്റലായുമുള്ള എല്ലാ തെളിവുകളും ഏല്‍പ്പിച്ച് ബെംഗളൂരുവിലേയ്‌ക്ക് കടന്നുകളയണമെന്നായിരുന്നു വിജയന്‍പിള്ള എന്ന വ്യക്തി പറഞ്ഞതെന്ന് സ്വപ്‌ന ആരോപിച്ചു. എന്നാല്‍, ഭീഷണിക്ക് താന്‍ വഴങ്ങില്ലെന്നും മുഖ്യമന്ത്രിയുടെ മകളുടെ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ നടത്തുന്ന ഇടപാടുകള്‍ മുഴുവന്‍ പുറത്ത് കൊണ്ടുവരുമെന്നും അത് വരെ പോരാട്ടം നടത്തുമെന്നും സ്വപ്‌ന പറഞ്ഞു. തെളിവുകള്‍ തിരികെ നല്‍കിയാല്‍ ജയ്‌പൂരിലോ ഹരിയാനയിലോ പോയി സുഖമായി ജീവിക്കുവാനുള്ള എല്ലാ സാഹചര്യവും മുഖ്യമന്ത്രി നല്‍കുമെന്നും അല്ലെങ്കില്‍ തന്നെ കൊല്ലുമെന്നും വിജയന്‍പിള്ള എന്നയാള്‍ അറിയിച്ചുവെന്ന് സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.