ചെന്നൈ : കഴിഞ്ഞ ദിവസം അന്തരിച്ച തമിഴ് നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്തിന്‍റെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലരയ്ക്ക് കോയമ്പേടുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. രാവിലെ ആറിന് ഐലന്‍ഡ് ഗ്രൗണ്ടിലുള്ള അണ്ണാശാലയിലെത്തിച്ച ഭൗതിക ശരീരത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ജീവിതത്തിന്‍റെ നാനാതുറകളിലുള്ളവരാണ് ഇടതടവില്ലാതെ എത്തുന്നത്.
ഉച്ചയ്ക്ക് ഒരു മണിവരെ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. അതിനുശേഷം വിലാപയാത്രയായി പാര്‍ട്ടി ആസ്ഥാനത്ത് എത്തിക്കും. ഈസമയത്ത് നഗരത്തില്‍ ഗതാഗത തടസത്തിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്നലെ രാവിലെയാണ് 71കാരനായ വിജയകാന്ത് അന്തരിച്ചത്.
ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം(ഡിഎംഡികെ) സ്ഥാപക നേതാവായ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിജയ്, രജനീകാന്ത് തുടങ്ങി തമിഴകത്തെ നിരവധി താരങ്ങള്‍ വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഡിഎംകെ സംഘടന സെക്രട്ടറി ആര്‍ എസ് ഭാരതിയും തമിഴ്‌നാട് മന്ത്രി റാണിപേട്ട് ആര്‍ ഗാന്ധിയും വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഡിഎംഡികെ ആസ്ഥാനത്തെത്തി ആദരവ് അര്‍പ്പിച്ചിരുന്നു. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പന്ത്രണ്ടരയോടെ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് നവംബര്‍ മുതല്‍ വിജയകാന്ത് ആശുപത്രിയിലായിരുന്നു. തൊണ്ട വേദനയും ചുമയും ബാധിച്ച അദ്ദേഹം പതിനാല് ദിവസത്തോളം ചെന്നൈ പോരൂരിലെ ആശുപത്രിയില്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു. രാഷ്ട്രീയ രംഗത്ത് എത്തും മുമ്പ് 154 ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു.