മുംബൈ: ബോളിവുഡ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അറ്റ്ലി ചിത്രമാണ് ജവാന്‍. ഷാരൂഖ് ഖാനൊപ്പം മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും എത്തുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്രത്യേകത. സിനിമയില്‍ വില്ലനായെത്തുന്ന വിജയ് സേതുപതി നിരവധി തവണ ഷാരൂഖുമായി കൊമ്പുകോര്‍ക്കുന്നുണ്ട്.
''അറ്റ്ലിക്കും ഷാരൂഖിനൊപ്പവും ജവാനില്‍ വര്‍ക്ക് ചെയ്യാനായത് തനിക്ക് ലഭിച്ച സുവര്‍ണ നിമിഷമാണെന്ന് സേതുപതി പറഞ്ഞു. 'അദ്ദേഹം ഒരു ജെന്‍റില്‍മാനാണ്, ഇത്രയും വർഷമായി ഇൻഡസ്‌ട്രിയിലുണ്ട്. താനൊരു സൂപ്പര്‍ സ്റ്റാറാണ് എന്ന ജാഡയൊന്നും അദ്ദേഹം കാണിച്ചില്ല. എന്‍റെ സഹനടന്മാരുമായി ഞാൻ എങ്ങനെ പ്രവർത്തിക്കുന്നു അതുപോലെ തന്നെ അദ്ദേഹവുമായി എനിക്ക് വര്‍ക്ക് ചെയ്യാന്‍ സാധിച്ചു.
എന്നാലും ചില സന്ദര്‍ഭങ്ങളില്‍ ഞാന്‍ ചില കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ സോറി സാര്‍ ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് അദ്ദേഹത്തോട് പറയും. കുഴപ്പമില്ല വിജയ്, നീ അത് ചെയ്യൂ' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അദ്ദേഹവുമായി ഞാന്‍ വളരെ കംഫര്‍ട്ട് ആയിരുന്നെന്നും സേതുപതി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
അറ്റ്ലി സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍റെ നായികയായെത്തുന്നത് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ്. ബോളിവുഡ് സിനിമ ലോകത്തേക്കുള്ള അരങ്ങേറ്റമാണ് നയന്‍താരക്ക് ജവാന്‍. അന്വേഷണ ഉദ്യോഗസ്ഥയായി നയന്‍സ് എത്തുമ്പോള്‍ ഇരട്ടവേഷത്തിലാണ് ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തില്‍ അതിഥി വേഷത്തില്‍ നടി ദീപിക പദുക്കോണും എത്തുന്നുണ്ട്. യോഗി ബാബു, സാനിയ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവര്‍ക്കൊപ്പം പ്രിയാമണിയും ചിത്രത്തില്‍ എത്തുന്നു. വലിയ താരനിര അണിനിരക്കുന്ന ചിത്രം ജൂണില്‍ റിലീസിനെത്തുമെന്നാണ് പ്രതീക്ഷ.