ന്യൂഡൽഹി :കോടതിയലക്ഷ്യ കേസിൽ വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ശിക്ഷ. നാല് മാസം തടവും 2,000 രൂപ പിഴയുമാണ് സുപ്രീംകോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.
2017ൽ കോടതി ഉത്തരവ് ലംഘിച്ച് മക്കൾക്ക് 40 ദശലക്ഷം യു.എസ്. ഡോളർ കൈമാറിയ കേസിലാണ് വിധി. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കേണ്ട 40 ദശലക്ഷം യു.എസ്. ഡോളർ പലിശയടക്കം നാലാഴ്‌ചയ്ക്കകം തിരിച്ചടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. തുക നല്‍കിയില്ലെങ്കില്‍ മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് പോകാമെന്നും കോടതി ഉത്തരവിട്ടു.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണ് വിധി. വിവിധ ബാങ്കുകള്‍ക്ക് മല്യ നല്‍കാനുണ്ടായിരുന്ന തുക നല്‍കാന്‍ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാതെയാണ് മല്യ മക്കൾക്ക് തുക കൈമാറിയത്.