മുംബൈ:ബോളിവുഡ്, തെന്നിന്ത്യന്‍ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് വിദ്യുത് ജംവാൽ. നടന്‍ എന്നതിലുപരി ആയോധന കലാകാരനും, സ്റ്റണ്ട് മാനും, ആക്ഷൻ കൊറിയോഗ്രാഫറും കൂടിയാണ് വിദ്യുത്. ബില്ല 2, തുപ്പാക്കി എന്നീ തമിഴ് ചിത്രങ്ങളിലൂടെയാണ് ദക്ഷിണേന്ത്യൻ സിനിമ പ്രേമികൾക്കും നടന്‍ സുപരിചിതനായത്.
ഹിമാലയത്തിൽ നിന്നും കളരിപ്പയറ്റ് പരിശീലിക്കുന്ന ദൃശ്യങ്ങൾ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുകയാണ് താരം ഇപ്പോള്‍. കൊടുംമഞ്ഞിൽ കളരിപ്പയറ്റ് അഭ്യസിക്കുന്ന താരത്തെ ദൃശ്യങ്ങളിൽ കാണാം.
ഓരോ ആയോധന കലാകാരനും വ്യത്യസ്‌ത തലത്തിലുള്ള ശാരീരിക കഴിവുകൾ നേടേണ്ടതുണ്ട്. പുതിയ മേഖല സ്വായത്തമാക്കുന്നതിനുള്ള ഒരു മാർഗമാണ് ഇത്തരത്തിലുള്ള ധ്യാനമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ആരാധകരാണ് വിദ്യുതിന്‍റെ പുതിയ വീഡിയോയെ പ്രകീർത്തിച്ച് എത്തിയത്.
ശ്വാസോച്ഛാസം മനസിലൂടെയും, മനസിനെ ശ്വാസോച്ഛാസത്തിലൂടെയും എങ്ങനെ നിയന്ത്രിക്കാം എന്നതിനെ കുറിച്ചുള്ള മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള വിശദമായ വീഡിയോ അദ്ദേഹം തന്‍റെ യൂട്യൂബ് ചാനലിലൂടെ ഉടൻ പുറത്തിറക്കും.
ഖുദ ഹാഫിസ്: ചാപ്‌ടർ 2, അഗ്നി പരീക്ഷ എന്നിവയാണ് വിദ്യുതിന്‍റെ ഉടൻ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. ഐബി71, ഷേർ സിങ് റാണ എന്നിവയും അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന സിനിമകളാണ്.