ന്യൂഡല്‍ഹി : സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ സുകേഷ് ചന്ദ്രശേഖര്‍ ജയിലഴിക്കുള്ളില്‍ നിന്ന് കരയുന്നതിന്‍റെ സിസിടിവി ദൃശ്യം പുറത്ത്. ഹര്‍ഷ് വിഹാര്‍ പ്രദേശത്തെ മാണ്ഡോളി ജയിലില്‍ നിന്ന് അധികൃതരായ സുകേഷ് രഞ്ജന്‍, ജയിലര്‍ ദീപക് ശര്‍മ, ജയ്‌സിങ് എന്നിവരുടെ മുമ്പില്‍ നിന്ന് കരയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജയിലഴിക്കുള്ളില്‍ നടത്തിയ തെരച്ചിലില്‍ 1.5ലക്ഷം വില മതിക്കുന്ന ഗുച്ചി ചെരിപ്പും 80,000 രൂപ വിലമതിക്കുന്ന രണ്ട് ജീന്‍സ് പാന്‍റുകളും കണ്ടെത്തിയെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
1.5ലക്ഷത്തിന്‍റെ ചെരിപ്പും 80,000 രൂപയുടെ ജീന്‍സും ജയിലിനുള്ളില്‍ ; സുകേഷ് ചന്ദ്രശേഖര്‍ കരയുന്ന ദൃശ്യവും പുറത്ത് - ന്യൂഡല്‍ഹി ഏറ്റവും പുതിയ വാര്‍ത്ത
ഹര്‍ഷ് വിഹാര്‍ പ്രദേശത്തെ മാണ്ഡോളി ജയിലില്‍ അധികൃതര്‍ നടത്തിയ തെരച്ചിലിലാണ് 1.5ലക്ഷം വില മതിക്കുന്ന ഗുച്ചി ചെരിപ്പും 80,000 രൂപ വിലമതിക്കുന്ന രണ്ട് ജീന്‍സ് പാന്‍റുകളും കണ്ടെത്തിയത്
വിതുമ്പി കരയുകയും തുടര്‍ച്ചയായി കണ്ണുനീര്‍ തുടയ്‌ക്കുകയും ചെയ്യുന്ന സുകേഷിനെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുക. കഴിഞ്ഞ കുറച്ച് മാസങ്ങളായി അഭിനേതാക്കളെ മാത്രമല്ല ചില രാഷ്‌ട്രീയക്കാരെയും സുകേഷ് ലക്ഷ്യം വയ്‌ക്കുകയും ഇവര്‍ക്ക് നിരന്തരം കത്തയക്കുകയും ചെയ്‌തിരുന്നു. കേസിനോട് അനുബന്ധിച്ച് ബോളിവുഡ് താരങ്ങളായ ജാക്വലിന്‍ ഫര്‍ണാണ്ടസ്, നോറ ഫത്തേഹി തുടങ്ങിയവരെ ചോദ്യം ചെയ്‌ത് വരികയാണ്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അടുത്തിടെയാണ് സുകേഷ് ചന്ദ്രശേഖറെ അറസ്‌റ്റ് ചെയ്യുന്നത്. ബിസിനസുകാരനായ ശിവീന്ദര്‍ മോഹന്‍ സിങ്ങിന്‍റെ ഭാര്യയെ കബളിപ്പിച്ച് 200 കോടി രൂപ തട്ടിയെടുത്തുവെന്നാണ് സുകേഷിനെതിരെയുള്ള കേസ്, ശിവീന്ദര്‍ സിങ്ങിന്‍റെ ഭാര്യ അതിഥി സിങ്, മല്‍വീന്ദര്‍ സിങ്ങിന്‍റെ ഭാര്യ ജപ്‌ന സിങ് തുടങ്ങിവരെ കബളിപ്പിച്ച് പണം തട്ടിയെടുത്തതിന് സുകേഷ് ചന്ദ്രശേഖറിന് പുറമെ ഭാര്യ ലീന മരിയ പോള്‍, സഹായികളായ ദീപക് രംദാനി, പ്രദീപ് രംദാനി എന്നിവര്‍ക്കെതിരെയും ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.