മാണ്ഡ്യ (കര്‍ണാടക):വീടിന്‍റെ പടിക്കെട്ടിന് മുന്‍പിലൂടെ ഇഴഞ്ഞ മൂർഖന്‍ പാമ്പിന്‍റെ മുന്‍പില്‍ നിന്നും കുഞ്ഞിനെ രക്ഷിച്ച് അമ്മ. കർണാടകയിലെ മാണ്ഡ്യ ജില്ലയില്‍ ചാമുണ്ഡേശ്വരി എന്ന സ്ഥലത്താണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
പത്തിവിടർത്തി കുഞ്ഞിനെ കൊത്താനാഞ്ഞ് മൂർഖന്‍ ; നിര്‍ണായക സെക്കന്‍റില്‍ സാഹസികമായി മകനെ കോരിയെടുത്ത് അമ്മ, ഞെട്ടിക്കുന്ന വീഡിയോ - karnataka mother saves son from snake attack
പത്തിവിടര്‍ത്തിയ മൂര്‍ഖന്‍ പാമ്പിന്‍റെ മുന്‍പില്‍ നിന്ന് സാഹസികമായി കുഞ്ഞിനെ രക്ഷിച്ച് അമ്മ

വീടിന്‍റെ പടിക്കെട്ടിന് മുന്‍പിലൂടെ മൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞ് വരുന്നതും ഇതറിയാതെ വീടിന്‍റെ അകത്ത് നിന്ന് കുഞ്ഞും അമ്മയും പുറത്തേക്ക് വരുന്നതും വീഡിയോയില്‍ കാണാം. പടിക്കെട്ടിന് പുറത്തേക്ക് കുഞ്ഞ് കാല്‍ വയ്ക്കുമ്പോള്‍ പാമ്പ് പിറകിലേക്ക് പോകുകയും പത്തി വിടര്‍ത്തുകയും ചെയ്യുന്നു. കുഞ്ഞ് തിരിഞ്ഞ് പാമ്പിന്‍റെ അടുത്തേക്ക് കാല്‍ വയ്ക്കുമ്പോഴേയ്ക്കും അമ്മ കുഞ്ഞിനെ എടുത്ത് പിന്നിലേക്ക് മാറുന്നു.
തുടര്‍ന്ന് മൂർഖന്‍ പാമ്പ് അവിടെ നിന്ന് ഇഴഞ്ഞ് പോകുന്നതും 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. വീടിന് സമീപത്തെ സിസിടിവിയില്‍ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. യുവതിയുടെ സന്ദര്‍ഭോചിത ഇടപെടലിനെ നിരവധി പേരാണ് പ്രശംസിക്കുന്നത്.