ന്യൂഡല്‍ഹി:എന്‍ഡിഎയുടെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ഥി ജഗ്‌ദീപ് ധന്‍കർ നാമനിര്‍ദേശം സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ശനിയാഴ്‌ചയാണ്(16.07.2022) പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്‌ദീപ് ധന്‍കറിനെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ഥിയായി എന്‍ഡിഎ പ്രഖ്യാപിച്ചത്.
മുന്‍ ഗവര്‍ണറും മുന്‍ കേന്ദ്ര മന്ത്രിയുമായ മാര്‍ഗരറ്റ് ആല്‍വയാണ് പ്രതിപക്ഷത്തിന്‍റെ സ്ഥാനാര്‍ഥി. എന്‍സിപി നേതാവ് ശരദ് പവാറിന്‍റെ വസതിയില്‍ ചേര്‍ന്ന സംയുക്ത പ്രതിപക്ഷ യോഗത്തിലാണ് ഉപരാഷ്‌ട്രപതി സ്ഥാനാര്‍ഥിയായി മാര്‍ഗരറ്റ് ആല്‍വയെ തെരഞ്ഞെടുത്തത്. ജൂലൈ 19നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം.
രാജസ്ഥാനില്‍ നിന്നുള്ള ജാഠ് നേതാവായിരുന്നു ജഗ്‌ദീപ് ധന്‍കര്‍. പി.വി നരസിംഹറാവു പ്രധാനമന്ത്രി ആയിരിക്കെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ധന്‍കര്‍ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പശ്ചിമ ബംഗാള്‍ ഗവര്‍ണറായി ധന്‍കറിനെ നിയമിക്കുന്നത്.
പാര്‍ലമെന്‍റില്‍ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ധന്‍കറിന്‍റെ വിജയമുറപ്പാണ്. നിലവില്‍ 780 അംഗങ്ങളുള്ള പാർലമെന്‍റില്‍ ബിജെപിക്ക് 394 എംപിമാരുണ്ട്. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം 390 ആണ്. ഓഗസ്റ്റ് ആറിന് നടക്കുന്ന ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കൊപ്പം നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ടുണ്ട്. എന്നാല്‍ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്‌തമായി നിയമസഭാംഗങ്ങള്‍ക്ക് വോട്ടില്ല.
Also read: കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ മാർഗരറ്റ് ആൽവ പ്രതിപക്ഷത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാർഥി