ചെന്നൈ : രാജ രാജ ചോളൻ ഹിന്ദു രാജാവ് ആയിരുന്നില്ലെന്ന സംവിധായകൻ വെട്രിമാരന്‍റെ പ്രസ്‌താവനയെ പിന്തുണച്ച് നടൻ കമൽഹാസൻ. രാജ രാജ ചോളന്‍റെ കാലത്ത് ഹിന്ദുമതം ഉണ്ടായിരുന്നില്ലെന്ന് കമൽഹാസൻ പറഞ്ഞു. വൈനവം, ശിവം, സമനം എന്നീ വിഭാഗങ്ങൾ ആയിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്.
പിന്നീട് ഈ മൂന്ന് വിഭാഗത്തെയും ഒരു പേരിന് കീഴിലാക്കുന്നതിന് വേണ്ടി ബ്രിട്ടീഷുകാരാണ് ഹിന്ദു എന്ന നാമവും മതവും കൊണ്ടുവന്നത്. തൂത്തുക്കുടിയെ ടൂട്ടിക്കോറിൻ എന്ന് ആക്കിയത് പോലെയാണിതെന്നും കമൽഹാസൻ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിക്കിടെയാണ് രാജ രാജ ചോളൻ ഹിന്ദു രാജാവ് ആയിരുന്നില്ലെന്ന് വെട്രിമാരൻ പറഞ്ഞത്.
നമ്മുടെ അസ്ഥിത്വം ബിജെപി നമ്മളിൽ നിന്ന് തട്ടിയെടുക്കുകയാണ്. തിരുവള്ളുവരെ ബിജെപിക്കാർ ഇതിനകം കാവിവത്കരിച്ചുവെന്നും ഇതിന് നമ്മൾ അനുവദിക്കരുതെന്നും വെട്രിമാരൻ പറഞ്ഞു. രാജ രാജ ചോളന്‍റെ ജീവിതത്തെ ആസ്‌പദമാക്കി കല്‍ക്കി കൃഷ്‌ണമൂർത്തി രചിച്ച പൊന്നിയിൻ സെൽവൻ എന്ന നോവലിനെ അധാരമാക്കി പൊന്നിയിൻ സെൽവൻ-1 എന്ന പേരിൽ ഒരുക്കിയ ചിത്രം പുറത്തിറങ്ങി ദിവസങ്ങൾക്കകമായിരുന്നു വെട്രിമാരന്‍റെ പരാമർശം.
വെട്രിമാരന്‍റെ പ്രസ്‌താവനയ്ക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് എച്ച് രാജ രംഗത്തെത്തിയിരുന്നു. വെട്രിമാരനെ പോലെ ചരിത്രത്തിൽ തനിക്ക് വലിയ അറിവില്ല. എന്നാല്‍ രാജരാജ ചോളൻ നിർമിച്ച രണ്ട് ക്രിസ്‌ത്യൻ പള്ളികളോ മുസ്‌ലിം പള്ളികളോ വെട്രിമാരൻ കാണിച്ചുതരട്ടെയെന്ന് എച്ച് രാജ പറഞ്ഞു. ശിവപാദ ശേഖരൻ എന്നാണ് അദ്ദേഹം സ്വയം വിളിച്ചിരുന്നത്. അപ്പോൾ അദ്ദേഹം ഹിന്ദു ആയിരുന്നില്ലേയെന്നും ബിജെപി നേതാവ് ചോദിച്ചു.
ചോള രാജാവ് രാജ രാജ ചോളനുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ ഇതാദ്യമായല്ല വിവാദമുടലെടുക്കുന്നത്. 2019ൽ സംവിധായകൻ പാ രഞ്ജിത്ത് രാജ രാജ ചോളനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. രാജ രാജ ചോളന്‍റെ കാലഘട്ടം ദലിതർക്ക് ഇരുണ്ട കാലഘട്ടമായിരുന്നുവെന്നും അവരിൽ നിന്ന് രാജാവ് ബലമായി ഭൂമി തട്ടിയെടുത്തുവെന്നും പാ രഞ്ജിത്ത് പറഞ്ഞിരുന്നു.