മുംബൈ: സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 69 വയസായിരുന്നു. ചല്‍ത്തേ ചല്‍ത്തേ, ഡിസ്‌കോ ഡാന്‍സർ, ശരാബി തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചു.
കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ബപ്പി ലാഹിരിയെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാർജ് ചെയ്‌തു.
'മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും, നിർഭാഗ്യവശാൽ, ബപ്പി ലാഹിരിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ബ്രീച്ച് കാൻഡി ആശുപത്രിയില്‍ അദ്ദേഹം പരിചരണത്തിലാണ്. ബപ്പി ദാദയുമായി അടുത്ത കാലത്ത് സമ്പർക്കം പുലർത്തിയ എല്ലാവരോടും മുൻകരുതൽ നടപടിയായി സ്വയം പരിശോധന നടത്താൻ കുടുംബം അഭ്യർഥിക്കുന്നു,' അദ്ദേഹത്തിന്‍റെ വക്താവ് അന്ന് പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയില്‍ ഡിസ്‌കോയ്ക്ക് ജനപ്രീതി നേടിക്കൊടുത്തവരില്‍ പ്രധാനിയാണ് ബപ്പി ലഹിരി. 2020ല്‍ പുറത്തിറങ്ങിയ ടൈഗർ ഷ്‌റോഫ്-ശ്രദ്ധ കപൂർ എന്നിവർ പ്രധാന വേഷത്തിലെത്തിയ 'ബാഗി 3' എന്ന ചിത്രത്തിലെ ബങ്കാസ് ആണ് ബപ്പി ലാഹിരി അവസാനമായി ആലപിച്ച ഗാനം.
Also read: ഇതിഹാസ ബംഗാളി ഗായിക സന്ധ്യ മുഖോപാധ്യായ അന്തരിച്ചു