ഹൈദരാബാദ്:തെലുഗു സിനിമയിലെ മുൻകാല സൂപ്പർതാരവും മഹേഷ് ബാബുവിന്‍റെ പിതാവുമായ കൃഷ്‌ണ (80) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചൊവ്വാഴ്‌ച രാവിലെ നാലുമണിയോടെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്‌ച രാവിലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
1942 മേയ് 31ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് ജനനം. ഘട്ടമനേനി ശിവരാമ കൃഷ്‌ണ മൂർത്തി എന്നാണ് മുഴുവൻ പേര്. 1960കളിൽ തെലുഗു സിനിമയിലെ സൂപ്പർ താരമായിരുന്ന കൃഷ്‌ണ, 350ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1964 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തില്‍ ഒരോ വര്‍ഷവും ശരാശരി പത്ത് സിനിമകളിലാണ് അഭിനയിച്ചത്. 1965ല്‍ പുറത്തിറങ്ങിയ തേനേ മനസുലു ആയിരുന്നു കൃഷ്‌ണയെ നായകപദവിയില്‍ എത്തിച്ച ചിത്രം. ഗുഡാചാരി 116 എന്ന ചിത്രത്തിലൂടെയാണ് സൂപ്പര്‍താര പദവിയിലെത്തുന്നത്. 2016ല്‍ പുറത്തിറങ്ങിയ ശ്രീ ശ്രീ ആണ് അവസാന ചിത്രം.
അഭിനേതാവ് എന്നതിന് പുറമേ സംവിധായകനായും നിര്‍മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. കൃഷ്‌ണയുടെ ചിത്രമായ പണ്ടന്തികപുരത്തിന് 1972ലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. അല്ലൂരി സീതാരാമ രാജു, സിംഹാസനം, ഗുദാചാരി 116, ജെയിംസ് ബോണ്ട് 777, മുഗ്ഗുരു കൊടുകുലു, അന്ന തമ്മൂട് എന്നിവയാണ് കൃഷ്‌ണയുടെ മറ്റ് പ്രധാന ചിത്രങ്ങള്‍.
1980ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച് കോണ്‍ഗ്രസിന്‍റെ എം.പി ആയെങ്കിലും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണത്തോടെ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറിയിരുന്നു. ഇന്ദിര ദേവിയായിരുന്നു ആദ്യ ഭാര്യ. നടന്‍മാരായ മഹേഷ് ബാബു, രമേഷ് ബാബു, മുന്‍നടി മഞ്ജുള, പ്രിയദര്‍ശിനി, പത്മാവതി തുടങ്ങിയവരാണ് ഈ ബന്ധത്തില്‍ ജനിച്ച മക്കള്‍. പിന്നീട് നടി വിജയ നിര്‍മലയെ പ്രണയിച്ച് വിവാഹം കഴിച്ചു. വിജയ നിര്‍മലയ്‌ക്കൊപ്പം ഏകദേശം നാല്‍പ്പതോളം സിനിമകളില്‍ കൃഷ്‌ണ പ്രവര്‍ത്തിച്ചിട്ടുണ്ട്. നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ നരേഷ് കൃഷ്‌ണയ്ക്ക് വിജയ നിര്‍മലയില്‍ ജനിച്ച മകനാണ്.
രണ്ടാം ഭാര്യ വിജയ നിര്‍മല 2019ലും ആദ്യ ഭാര്യ ഇന്ദിര ദേവി ഈ വര്‍ഷം സെപ്റ്റംബറിലും മരിച്ചിരുന്നു. വ്യവസായിയും ടി.ഡി.പി നേതാവുമായ ഗല്ല ജയദേവ്, നിര്‍മാതാവ് സഞ്ജയ് സ്വരൂപ്, നടിയും നിര്‍മാതാവുമായ നമ്രത ശിരോദ്‌കര്‍ തുടങ്ങിയവര്‍ മരുമക്കളാണ്.