ന്യൂഡൽഹി: ഉത്തർ പ്രദേശ് സർക്കാർ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ കെ സി വേണുഗോപാൽ തിങ്കളാഴ്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി.
കൊവിഡ് ബാധിച്ച് മഥുര മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് കാപ്പന്‍ നേരിടുന്നതെന്നും കെ സി വേണുഗോപാൽ കത്തിൽ വ്യക്തമാക്കി.
ചങ്ങലകൊണ്ട് കിടക്കയിൽ കെട്ടിയിട്ടിരിക്കുന്നതിനാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭക്ഷണം ശരിയായി കഴിക്കാനോ ശുചിമുറി ഉപയോഗിക്കാനോ അയാൾക്ക് സാധിക്കുന്നില്ല. ഒരാളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് കൂടുതൽ ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണിത്.
"ഈ ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിൽ ഇടപെടാനും സിദ്ദീഖ് കപ്പനോട് മാനുഷികമായ പെരുമാറ്റം ഉറപ്പാക്കാനും ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. കേരളത്തിലെയും ഡൽഹിയിലെയും മാധ്യമങ്ങളും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും കാപ്പന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഓർത്ത് ആശങ്കയിലാണ്. അദ്ദേഹത്തിന് ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു", വേണുഗോപാൽ കുറിച്ചു.
തിങ്കളാഴ്ച കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും കാപ്പന്‍റെ കുടുംബത്തിന് പിന്തുണ നൽകിയിരുന്നു. "സിദ്ദീഖ് കാപ്പന്‍റെ കുടുംബത്തിന് ഞാൻ എന്‍റെ പൂർണ പിന്തുണ നൽകുന്നു. അദ്ദേഹത്തിന് സംരക്ഷണവും വൈദ്യസഹായവും ലഭിക്കാന്‍ അർഹതയുണ്ട്" എന്ന് രാഹുൽ ഗാന്ധി ടെലിഗ്രാമിൽ കുറിച്ചു.