ന്യൂഡല്‍ഹി : പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ട ശേഷം അറസ്റ്റ് ചെയ്‌ത സംഭവം അപലപനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസിന്‍റെ പ്ലീനറി സമ്മേളനത്തെ ലക്ഷ്യമിട്ടാണ് ബിജെപി നടപടിയെന്നും അദ്ദേഹം ആരോപിച്ചു.
'അവർ ഈ കാര്യങ്ങൾ ചെയ്യുന്ന രീതി തികച്ചും അപലപനീയമാണ്. ഞങ്ങൾ എല്ലാവരും പ്ലീനറി സമ്മേളനത്തിനായി റായ്‌പൂരിലേക്ക് പോവുകയായിരുന്നു. പവൻ ഖേരയും ഞങ്ങളോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. ഒരു കാരണവുമില്ലാതെ അവർ പവൻ ഖേരയെ പെട്ടെന്ന് ഇറക്കിവിട്ടു' - വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
അര മണിക്കൂറിന് ശേഷം ഡൽഹി പൊലീസ് വന്ന് അദ്ദേഹത്തെ അസം പൊലീസിന് കൈമാറണമെന്ന് പറഞ്ഞു. ഖേരക്കെതിരെ എഫ്‌ഐആറോ അറസ്റ്റ് വാറണ്ടോ എന്തെങ്കിലും ഉണ്ടോ എന്ന് ഞങ്ങൾ ചോദിച്ചു. പക്ഷേ ഉദ്യോഗസ്ഥരുടെ പക്കല്‍ ഒന്നുമില്ല. വാക്കാലുള്ള ഉത്തരവുകൾ മാത്രം' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടപടികളെല്ലാം റായ്‌പൂരില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തെ ലക്ഷ്യംവച്ചുള്ളതാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഛത്തീസ്‌ഗഡിലെ പാര്‍ട്ടി നേതാക്കളുടെ കേന്ദ്രങ്ങളില്‍ നടന്ന റെയ്‌ഡും ഇതിന്‍റെ ഭാഗമാണെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ പവന്‍ ഖേരയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തതായും അസം പൊലീസ് അറസ്റ്റ് ചെയ്‌തതായും മുതിര്‍ന്ന പൊലീസ് ഉദ്യാഗസ്ഥന്‍ വ്യക്തമാക്കി. ഡല്‍ഹി വിമാനത്താവളത്തില്‍വച്ചാണ് പവന്‍ ഖേരയ്‌ക്കെതിരെ നടപടി ഉണ്ടായത്. ഇന്‍ഡിഗോ വിമാനത്തില്‍ കയറിയപ്പോള്‍, ഖേരയുടെ പേരില്‍ കേസ് ഉണ്ടെന്നും അതിനാല്‍ യാത്രാനുമതി നല്‍കാന്‍ സാധിക്കില്ലെന്നും വിമാനത്താവള അധികൃതര്‍ നിലപാട് എടുത്തു.
ഖേരയുടെ ലഗേജ് പരിശോധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടതില്‍ പ്രതിഷേധിച്ച് ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരും നേതാക്കളും വിമാനത്തില്‍ നിന്നിറങ്ങി പ്രകടനം നടത്തി. പിന്നാലെയാണ് പവന്‍ ഖേരയെ അസം പൊലീസ് അറസ്റ്റ് ചെയ്‌തത്.
വാര്‍ത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രിയെ ആക്ഷേപിച്ചു എന്ന ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് പൊലീസ് പവന്‍ ഖേരയ്‌ക്കെതിരെ കേസെടുത്തത്. നരേന്ദ്ര ദാമോദര്‍ ദാസ് മോദി എന്നതിന് പകരം നരേന്ദ്ര ഗൗതംദാസ് എന്നാണ് വാര്‍ത്താസമ്മേളനത്തിനിടെ ഖേര പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്‌തത്.