നവാൽഗുണ്ട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ 'വിഷപ്പാമ്പ്' പരാമര്‍ശത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് പാർട്ടിക്കും നേതാക്കൾക്കും സ്വബോധം നഷ്‌ടപ്പെട്ടു. മോദിയെ ലോകമെമ്പാടും വളരെ ആദരവോടെയാണ് കാണുന്നതെന്നും ഇത്തരം അധിക്ഷേപങ്ങള്‍ അദ്ദേഹത്തിനുള്ള ജനപ്രീതി വർധിപ്പിക്കാനേ ഇടയാക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
'ആളുകളെ വരുതിയിലാക്കാന്‍ കോൺഗ്രസിന് കഴിയില്ല. കാരണം പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നിടത്തോളം അദ്ദേഹത്തിന് പിന്തുണ വർധിക്കുക മാത്രമേയുള്ളൂ. കഴിഞ്ഞ ഒന്‍പത് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോളതലത്തില്‍ ഇന്ത്യയുടെ അഭിമാനം വർധിപ്പിച്ചു. ഇക്കാരണം കൊണ്ടുതന്നെ കോണ്‍ഗ്രസിന് സംസാരിക്കാന്‍ വിഷയങ്ങളില്ല'.
ALSO READ |പ്രധാനമന്ത്രി വിഷപ്പാമ്പെന്ന് മല്ലികാർജുൻ ഖാർഗെ; വിവാദമായതോടെ തിരുത്തുമായി കോൺഗ്രസ് അധ്യക്ഷൻ
'ഇന്ത്യയെ അഭിവൃദ്ധിപ്പെടുത്താൻ അദ്ദേഹം പ്രവർത്തിച്ചു. രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തമാക്കി. ഇന്ത്യയുടെ അതിർത്തികൾ സുരക്ഷിതമാക്കി. മോദിജി എവിടെ പോയാലും ലോകമെമ്പാടുമുള്ള ആളുകൾ മോദി - മോദി മുദ്രാവാക്യങ്ങളോടെയാണ് അദ്ദേഹത്തെ സ്വീകരിക്കുന്നത്'- ഷാ പറഞ്ഞു. ധാർവാഡ് ജില്ലയിലെ നവാൽഗുണ്ടിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ലോകം മുഴുവൻ ആദരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന നമ്മുടെ നേതാവ് മോദി ഒരു വിഷപ്പാമ്പിനെപ്പോലെയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ പറയുന്നു. എനിക്ക് നിങ്ങളോട് ചോദിക്കാൻ ആഗ്രഹമുണ്ട്. മോദിയെ വിഷപ്പാമ്പിനോട് ഉപമിച്ച കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിജയിക്കുമോ?'- അമിത് ഷാ ജനക്കൂട്ടത്തോട് ചോദിച്ചു.