ന്യൂഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ച ഉപരാഷ്‌ട്രപതി എന്ന നിലയിൽ എം.വെങ്കയ്യ നായിഡു പുതിയ റെക്കോഡ് സൃഷ്‌ടിച്ചു. തന്‍റെ അഞ്ച് വർഷത്തെ ഭരണകാലത്ത് അദ്ദേഹം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സന്ദർശിച്ചു. ആയിരത്തിലധികം പരിപാടികളിൽ വെങ്കയ്യ പങ്കെടുത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ സ്ഥാപനങ്ങളും അദ്ദേഹം സന്ദർശിച്ചു. സർക്കാർ-സ്വകാര്യ മേഖലകളിലായി നിരവധി പദ്ധതികൾ ആരംഭിച്ചു. ബി.ജെ.പി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായിരുന്ന കാലത്ത് രാജ്യത്തുടനീളം സഞ്ചരിച്ച അദ്ദേഹം ഉപരാഷ്‌ട്രപതി എന്ന നിലയിലും അതേ പ്രവണത തുടർന്നു. ഉപരാഷ്‌ട്രപതിയുടെ വസതിയിൽ അക്കാദമിക് വിദഗ്‌ധർ, പ്രൊഫഷണലുകൾ, വിദ്യാർഥികൾ, കർഷകർ, സിവിൽ സൊസൈറ്റി പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്‌ചകൾ നടത്തുന്നതിന് കോൺഫറൻസ് ഹാൾ നിർമിച്ചിട്ടുണ്ട്. തന്‍റെ പ്രകടനം പൊതുജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്നതിനായി അദ്ദേഹം എല്ലാ വർഷവും 'മൂവിംഗ് ഓൺ മൂവിംഗ് ഫോർവേഡ്' എന്ന പേരിൽ ഒരു 'കോഫി ടേബിൾ ബുക്ക്' പുറത്തിറക്കി.
രാഷ്‌ട്രപതി ഭവനിൽ യാത്രയയപ്പ്: ഓഗസ്‌റ്റ് പത്തിന് ഉപരാഷ്‌ട്രപതിയായി വിരമിക്കുന്ന വെങ്കയ്യ നായിഡുവിന് വയോജനവേധി യാത്രയയപ്പ് നൽകും. രാജ്യസഭ ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിന്‍റെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള മറ്റ് വിവിധ പാർട്ടികളിലെ നേതാക്കന്മാർ സംസാരിക്കും. ശേഷം രാജ്യസഭ അംഗങ്ങൾ നൽകുന്ന മറ്റൊരു യാത്രയയപ്പ് സൽക്കാരം പാർലമെന്‍റ് പരിസരത്തുള്ള ജിഎംസി ബാലയോഗി ഓഡിറ്റേറിയത്തിൽ വച്ച് നടക്കും. ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും വെങ്കയ്യ നായിഡുവിന് മൊമെന്‍റോ സമ്മാനിക്കുകയും ചെയ്യും. ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് പ്രസംഗം നടത്തുകയും അദ്ദേഹത്തിന്‍റെ ഭരണകാലത്ത് നടന്ന വിവിധ പരിപാടികൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു പുസ്‌തകം പ്രധാനമന്ത്രി പ്രകാശനം ചെയ്യുന്നുമുണ്ട്.