ന്യൂഡല്‍ഹി:സോഷ്യല്‍ മീഡിയയില്‍ വൈറലായ പച്ചക്കറി വ്യാപാരി രാമേശ്വര്‍, രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തി. ഡല്‍ഹിയിലെ ആസാദ്‌പൂര്‍ മാര്‍ക്കറ്റില്‍ കണ്ണീരോടെ നിന്ന പച്ചക്കറി വ്യാപാരി രാമേശ്വറിനൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ വൈറലായി. സംഭവത്തിന് പിന്നാലെ രാജ്യത്ത് കുതിച്ചുയരുന്ന പച്ചക്കറി വില കാരണം സമൂഹത്തിലെ പാവപ്പെട്ട ജനങ്ങള്‍ കഷ്‌ടപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
വ്യപാരിയായ രാമേശ്വറിനൊപ്പമുള്ള ചിത്രം പങ്കിട്ടാണ് അദ്ദേഹം എക്‌സില്‍ ഇക്കാര്യം കുറിച്ചത്. ''രാമേശ്വര്‍ ജി ഒരു സജീവ വ്യക്തിയാണ്. കോടി കണക്കിന് ഇന്ത്യക്കാരുടെ സഹജമായ സ്വഭാവം അവരില്‍ കാണാം. പ്രതികൂല സാഹചര്യങ്ങളില്‍ പോലും പുഞ്ചിരിയോടെ മുന്നേറുന്നവര്‍ യഥാര്‍ഥത്തില്‍ ഭാരത് ഭാഗ്യ വിധാതാരാണ്'', എന്നാണ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് ദേശീയ തലസ്ഥാനത്തെ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് രാമേശ്വറിനെ ക്ഷണിച്ചത്. ഒരുമിച്ചിരുന്ന് ഉച്ചഭക്ഷണം കഴിച്ച ഇരുവരും നിരവധി കാര്യങ്ങളെ കുറിച്ച് സംസാരിച്ചു.
രാമേശ്വറിന്‍റെ വൈറലായ വീഡിയോ: ആസാദ്‌പൂരിലെ മാര്‍ക്കറ്റില്‍ പച്ചക്കറി വില്‍പ്പനക്കെത്തിയ രാമേശ്വര്‍ പച്ചക്കറി വിലക്കയറ്റത്തെ കുറിച്ച് പറഞ്ഞ് വിതുമ്പുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. 'തക്കാളിയ്‌ക്ക് വില കൂടുതലാണ്. വാങ്ങാന്‍ പണമില്ല' എന്നാണ് രാമേശ്വര്‍ വീഡിയോയില്‍ പറയുന്നത്. 'ഞങ്ങള്‍ക്ക് ഇത് എന്ത് വിലയ്‌ക്ക് വില്‍ക്കാന്‍ കഴിയും എന്നത് അറിയില്ല. വിറ്റ് പോകുമോയെന്ന് ഉറപ്പില്ല. പച്ചക്കറി മഴ നനയുകയോ സ്റ്റോക്കിന് എന്തെങ്കിലും സംഭവിക്കുകയോ ചെയ്‌താല്‍ തങ്ങള്‍ക്ക് നഷ്‌ടം സംഭവിക്കുമെന്നും' പറഞ്ഞ് വിതുമ്പുന്ന രാമേശ്വറിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ രാമേശ്വറുമായി ഒരു പ്രമുഖ ചാനല്‍ നടത്തിയ അഭിമുഖത്തിനിടെയാണ് രാമേശ്വര്‍ രാഹുല്‍ ഗാന്ധിയെ നേരില്‍ കാണാന്‍ താത്‌പര്യം പ്രകടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി അദ്ദേഹത്തെ സ്വന്തം വസതിയിലേക്ക് ക്ഷണിച്ചത്.
മാര്‍ക്കറ്റില്‍ സര്‍പ്രൈസ് വിസിറ്റുമായി രാഹുല്‍ ഗാന്ധി: ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ഡല്‍ഹിയിലെ ആസാദ്‌പുരിയിലെ പച്ചക്കറി മാര്‍ക്കറ്റ് സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെത്തിയിരുന്നു. മുന്നറിയിപ്പുകളൊന്നുമില്ലാതെ പുലര്‍ച്ചെ നാലു മണിക്കായിരുന്നു സന്ദര്‍ശനം. രാജ്യത്തെ നിലവിലെ പച്ചക്കറികളുടെ വിലക്കയറ്റത്തെ കുറിച്ച് മാര്‍ക്കറ്റിലെ വ്യാപാരികളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി.
വിലക്കയറ്റത്തെ കുറിച്ച് ചോദിച്ചറിഞ്ഞ രാഹുല്‍ ഗാന്ധി പച്ചക്കറികളുടെ ഗുണ നിലവാരത്തെ കുറിച്ചും ആരാഞ്ഞു. മിക്ക പച്ചക്കറികളുടെയും വില 100 രൂപ കടന്നിട്ടുണ്ടെന്നും തക്കാളിയ്‌ക്ക് കിലോയ്‌ക്ക് 200 രൂപയായെന്നും വ്യാപാരികള്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു. മിക്ക ദിവസങ്ങളില്‍ 100 രൂപ പോലും ലാഭം ലഭിക്കാത്ത അവസ്ഥയാണെന്നും വ്യാപാരികള്‍ പറഞ്ഞു. ഇതിന് പിന്നാലെയും രാജ്യത്തെ വിലക്കയറ്റത്തെ കുറിച്ച് വിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി കുറിപ്പ് പങ്കിട്ടിരുന്നു.