ന്യൂഡല്‍ഹി: ലഖീംപൂര്‍ ഖേരിയില്‍ കര്‍ഷക റാലിക്കിടെ വാഹനം ഇടിച്ച് കയറ്റിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ വര്‍ഗീയ വത്കരിക്കാന്‍ ശ്രമിക്കുന്നതായി ബിജെപി എം.പി വരുണ്‍ ഗാന്ധി. കലാപത്തെ ഹിന്ദു സിക്ക് സംഘര്‍ഷമാക്കി അവതരിപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആക്ഷേപിച്ചു.
ദേശീയ ഐക്യത്തിന് മേല്‍ രാഷ്രീയ ലാഭമുണ്ടാക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒരു നേതാക്കളുടെയും പേര് എടുത്ത് പറയാന്‍ വരുണ്‍ ഗാന്ധി തയ്യാറായില്ല. ലഖീംപൂര്‍ ഖേരിയെ ഹിന്ദു- സിക്ക് കലാപമാക്കിക്കൊണ്ടുള്ള ചില നിരീക്ഷണങ്ങള്‍ ചില നേതാക്കളില്‍ നിന്നും ഉയരുന്നുണ്ടെന്ന് അദ്ദേഹം ട്വീറ്റിലൂടെയാണ് അറിയിച്ചത്.
More Read: കൽക്കരി ക്ഷാമത്തിൽ സംസ്ഥാനത്തും പ്രതിസന്ധി ; വൈദ്യുതി നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി
വ്യാഴാഴ്ച പുറത്തിറക്കിയ ബിജെപി ദേശീയ കൗണ്‍സില്‍ അംഗങ്ങളുടെ ലിസ്റ്റില്‍ വരുണ്‍ ഗാന്ധിയെ പുറത്താക്കിയതിന് പിന്നാലെയാണ് പ്രതികരണം എന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി അടക്കം നിരവധി കേന്ദ്ര മന്ത്രിമാരും ലിസറ്റിലുണ്ടായിരുന്നു.
ലിസ്റ്റ് പുറത്ത് വന്നതിന് പിന്നാലെ ലഖീംപൂര്‍ വിഷയത്തില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി വരുണ്‍ ഗാന്ധി രംഗത്ത് വന്നു. എന്നാല്‍ ബിജെപി എം.പിയുടെ പ്രതികരണത്തില്‍ ബിജെപി നേതൃത്വത്തിന് കടുത്ത പ്രതിഷേധമുണ്ട്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും മകന്‍ ആശിഷ് മിത്രയുള്‍പ്പെട്ട സംഘം പ്രതിഷേധക്കാര്‍ക്ക് ഇടയിലേക്ക് കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു എന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആക്ഷേപം. എന്നാല്‍ ആക്ഷേപങ്ങള്‍ അജയ് മിശ്ര തള്ളിയിരുന്നു.
ഒക്ടോബർ മൂന്നിന് നടന്ന ലഖിംപൂർ ഖേരി സംഭവത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും നിരവധി പേര്‍ക്കെതിരെ യുപി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.