ലഖ്‌നൗ : ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വീണ്ടും വിമർശനവുമായി വരുൺ ഗാന്ധി. കർഷകർക്കെതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാല്‍ ഇനി സർക്കാരിനോടല്ല, മറിച്ച് കോടതിയെ നേരിട്ട് സമീപിക്കുമെന്ന് പിലിഭിത്തില്‍ നിന്നുള്ള ബിജെപി എം.പി വരുൺ ഗാന്ധി പറഞ്ഞു. മാർക്കറ്റിൽ നെൽ കർഷകരോട് അധികൃതർ കാണിക്കുന്ന വിവേചനത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
സംസ്ഥാനത്തെ 17 ജില്ലകളിലായി കർഷകർ നെൽവിളകൾ കത്തിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ലഖിംപൂർ ഖേരിയിൽ ആരംഭിച്ച് നിലവിൽ പിലിഭിത്തിലും നെൽവിളകൾ കത്തിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മാർക്കറ്റ് കമ്മിറ്റി ഉദ്യോഗസ്ഥർ, ബ്രോക്കർമാരില്‍ നിന്ന് ക്വിന്‍റലിന് 1200 രൂപയ്ക്ക് വാങ്ങുന്ന നെല്ല് സർക്കാരിന് 1900 രൂപയ്ക്കാണ് വിൽക്കുന്നതെന്നും ഇപ്പോൾ എല്ലാം വ്യക്തമാണെന്നും എംപി കൂട്ടിച്ചേർത്തു.