സ്പൈ ത്രില്ലർ സീരീസ് 'സിറ്റഡലി'ന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെര്‍ബിയയിലാണിപ്പോള്‍ ബോളിവുഡ് താരങ്ങളായ വരുൺ ധവാനും സിക്കന്ദർ ഖേറും. സെര്‍ബിയയില്‍ 'സിറ്റഡലി'നായുള്ള തീവ്രമായ ആക്ഷൻ പരിശീലനത്തിലാണിപ്പോള്‍ താരങ്ങള്‍.
'സിറ്റഡല്‍ സീരീസിന് വലിയ ആക്ഷന്‍ സീക്വന്‍സുകള്‍ ഉണ്ടാകും. ഇതൊരു സ്‌പൈ ത്രില്ലര്‍ സീരീസ് ആയതിനാല്‍ ഫൈറ്റ് സീക്വൻസുകളിലും മറ്റും ഒരു പ്രത്യേക വേഗത ഉണ്ടായിരിക്കണം. അതിനുള്ള പരിശീലനമാണ് ഇപ്പോൾ നടക്കുന്നത്. സീരീസിനായുള്ള ചിത്രീകരണം ജൂലൈ വരെ തുടരും.' -സിറ്റഡല്‍ ടീമുമായി ബന്ധപ്പെട്ട ഒരു സ്രോതസ് വെളിപ്പെടുത്തി.
സിറ്റഡല്‍ സീരീസിനെ കുറിച്ച് മുമ്പൊരിക്കല്‍ തെന്നിന്ത്യന്‍ താരം സാമന്ത തന്‍റെ ആവേശം പങ്കുവച്ചിരുന്നു. 'ആമസോണ്‍ പ്രൈം വിഡിയോയും രാജും ഡികെയും ഈ പ്രോജക്‌ടുമായി എന്നെ സമീപിച്ചപ്പോൾ, അതൊരു ഹൃദയമിടിപ്പോടെ ഏറ്റെടുക്കാൻ ഞാൻ തീരുമാനിച്ചു! ഈ ടീമിനൊപ്പം 'ദി ഫാമിലി മാനിൽ' പ്രവർത്തിച്ച ശേഷം, ഇത് എനിക്ക് ഒരു ഗൃഹപ്രവേശനമാണെന്നാണ് തോന്നിയത്.' -ഇപ്രകാരമാണ് സിറ്റഡലിനെ കുറിച്ച് സാമന്ത പറഞ്ഞത്.
'ലോകമെമ്പാടുമുള്ള നിർമ്മാണങ്ങൾ തമ്മിലുള്ള പരസ്‌പരബന്ധിതമായ കഥാ സന്ദർഭമാണ് സിറ്റഡൽ യൂണിവേഴ്‌സ്. ഏറ്റവും പ്രധാനമായി, ഇന്ത്യൻ ഇൻസ്‌റ്റോള്‍മെന്‍റിന്‍റെ സ്‌ക്രിപ്റ്റ് എന്നെ ശരിക്കും ഉത്തേജിപ്പിച്ചു. റുസ്സോ ബ്രദേഴ്‌സിന്‍റെ എജിബിഒ വിഭാവനം ചെയ്‌ത ഈ ബ്രില്യന്‍റ് യൂണിവേഴ്‌സിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ത്രില്ലിലാണ്. ഈ പ്രോജക്‌റ്റിലൂടെ ആദ്യമായി വരുണിനൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്'-സാമന്ത കൂട്ടിച്ചേര്‍ത്തു.
രാജും ഡികെയും ചേർന്ന് സംവിധാനം ചെയ്‌ത സ്പൈ ത്രില്ലറില്‍ സാമന്ത റൂത്ത് പ്രഭുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിറ്റഡല്‍ ഇന്ത്യൻ പതിപ്പിന്‍റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.