കാൺപൂർ :ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബോളിവുഡ് താരം വരുൺ ധവാനെതിരെ നിയമലംഘനത്തിന് പിഴ ചുമത്തി കാൺപൂർ ട്രാഫിക് പൊലീസ്. നടന്റെ ഏറ്റവും പുതിയ ചിത്രമായ 'ബവാലി'ന്റെ ചിത്രീകരണം കാൺപൂരിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ഹെൽമറ്റില്ലാതെ ബുള്ളറ്റ് ഓടിച്ച ചിത്രങ്ങളാണ് താരത്തിനിപ്പോൾ തലവേദനയായി മാറിയത്.
നഗരത്തിലെ തിരക്കേറിയ ആനന്ദ് ബാഗ് ഏരിയയിൽ ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന വരുണിന്റെ ഫോട്ടോകളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നീല ഷർട്ടും കറുത്ത പാന്റ്സും കൂളിങ് ഗ്ലാസും ധരിച്ചാണ് വീഡിയോയിൽ താരം പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ വരുണിനെതിരെ ഒരുവിഭാഗം ആളുകൾ രംഗത്തെത്തി. താരത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പലരും ട്വിറ്ററിൽ കാൺപൂർ ട്രാഫിക് പൊലീസിനെ ടാഗ് ചെയ്യാൻ തുടങ്ങി.