ചെന്നൈ: അന്തരിച്ച പ്രശസ്‌ത തമിഴ് സിനിമ താരം മയിൽസാമിക്ക് ആദരമർപ്പിച്ച് സിനിമ ലോകം. ചലചിത്ര താരങ്ങളായ ജയറാം, പാർഥിപൻ, ശിവമണി തുടങ്ങിയവർ മയിൽസാമിയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് മയിൽസാമിയുടെ അന്ത്യം. ഹൃദയാഘാതമായിരുന്നു മരണ കാരണം.
തന്‍റെ നല്ല സുഹൃത്തുക്കളിൽ ഒരാളെയാണ് നഷ്‌ടമായതെന്ന് നടൻ ജയറാം പറഞ്ഞു. സിനിമാലോകത്ത് ആരോട് ചോദിച്ചാലും മയിൽസാമിയെക്കുറിച്ച് ഒരേ കാര്യമാണ് പറയുക. നല്ല സുഹൃത്ത്, നല്ല മനുഷ്യൻ. അദ്ദേഹവും ഞാനും സിനിമയിൽ വന്നത് മിമിക്രിയിലൂടെയാണ്.
ആഴ്‌ചയിൽ ഒരു ദിവസമെങ്കിലും ഞങ്ങൾ പരസ്‌പരം സംസാരിക്കാറുണ്ടായിരുന്നു. ഓരോതവണ വിളിക്കുമ്പോഴും തിരുവണ്ണാമലൈയിലേക്ക് വരാൻ അദ്ദേഹമെന്നെ ക്ഷണിക്കുമായിരുന്നു. കഴിഞ്ഞ തവണ വിളിച്ചപ്പോഴും എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ എനിക്ക് പോകാൻ കഴിഞ്ഞില്ല. ജയറാം പറഞ്ഞു.
ഞെട്ടിക്കുന്ന വാർത്ത എന്നായിരുന്നു ഡ്രമ്മർ ശിവമണിയുടെ പ്രതികരണം. അദ്ദേഹം എല്ലാ ദിവസവും രാവിലെ എനിക്ക് മുടങ്ങാതെ മെസേജ് അയയ്‌ക്കുമായിരുന്നു. ശിവരാത്രിക്ക് തിരുവണ്ണാമലൈയിൽ വരാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ എങ്കിൽ മേലക്കോട്ടയ്യൂർ ശിവക്ഷേത്രത്തിൽ വെച്ച് കാണാം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞാൻ എങ്ങനെയെങ്കിലും അവിടെയെത്താമെന്നും പറഞ്ഞിരുന്നു.
ക്ഷേത്രവുമായി ബന്ധപ്പെട്ട എന്ത് കാര്യത്തിന് അദ്ദേഹം വിളിച്ചാലും ഞാൻ ഉടൻ അവിടേക്ക് എത്തും. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിവരെ അദ്ദേഹം എന്നോടൊപ്പം ഉണ്ടായിരുന്നു. അവൻ എന്നോടൊപ്പം ഡ്രംസ് വായിച്ചു, പാട്ടുകൾ പാടി. പിന്നാലെ ഞാൻ അഞ്ചാം കാല പൂജയ്ക്കായി തിരുവാൻമിയൂർ ക്ഷേത്രത്തിലേക്ക് പോയി.