വിശാഖപട്ടണം (ആന്ധ്രാപ്രദേശ്): മദ്യപിച്ച് വാഹനമോടിച്ചാല്‍ ഫൈന്‍ ഈടാക്കല്‍, ഇംപോസിഷന്‍, ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പടെ നിരവധി ശിക്ഷാരീതികള്‍ കണ്ടിട്ടുണ്ടാകും. ഒടുക്കം മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്നറിയിച്ചുള്ള ഷോട്ട് ഫിലിമും കാണിച്ച് ഇവരെ തുറന്നുവിടാറാണ് പൊലീസ് ചെയ്യാറുള്ളത്. എന്നാല്‍ ലഭിക്കുന്ന ലഘുശിക്ഷ വേഗത്തില്‍ തീര്‍ത്ത് സ്ഥലംവിടാമെന്ന് കരുതിയവര്‍ക്ക് ഇത്തവണ പണിപാളി.
വെറൈറ്റി ശിക്ഷ വിധിച്ച് കോടതി :വിശാഖപട്ടണത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകള്‍ക്ക് കീഴില്‍ തിങ്കളാഴ്ച രാത്രി നടത്തിയ പട്രോളിങ്ങിലാണ് നിരവധി പേരെ മദ്യപിച്ച് വാഹനോടിച്ചതിന് പിടികൂടിയത്. ഇവരെയെല്ലാം പിറ്റേ ദിവസം കോടതിയില്‍ ഹാജരാക്കി. എന്നാല്‍ പതിവ് 'പെറ്റി' അടിച്ച് അവരെ വെറുതെ വിടാന്‍ ജഡ്‌ജിക്ക് തോന്നിയില്ല. ലഘു സ്വഭാവമുള്ളതും താക്കീത് നല്‍കാന്‍ ഉപകാരപ്രദമായതുമായ ശിക്ഷ നല്‍കുമ്പോള്‍ അത് സമൂഹത്തിന് കൂടി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഓര്‍ത്തപ്പോള്‍ വഴി മുന്നില്‍ തെളിഞ്ഞു. പിടിയിലായവര്‍ കടല്‍ത്തീരത്ത് മാലിന്യ സംസ്‌കരണത്തിന്‍റെ ഭാഗമാവട്ടെ എന്ന് പിന്നാലെ ഉത്തരവും എത്തി.