വാരണാസി (ഉത്തര്‍പ്രദേശ്) :ഗ്യാന്‍വാപി മസ്‌ജിദ് കേസില്‍ വിധി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ വാരണാസി ജില്ല കോടതിയില്‍ കര്‍ശന സുരക്ഷ. ക്രമസമാധാന പാലനത്തിന് നിരോധനാജ്ഞ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഗ്യാന്‍വാപി മസ്‌ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ ഉണ്ടെന്നും ഇവിടെ പൂജ നടത്താന്‍ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി അഞ്ച് ഹിന്ദു സ്‌ത്രീകളാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
വിവാദമായ കേസില്‍ വിധി പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുന്‍പ് തന്നെ വാരണാസിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇരുഭാഗത്തെയും മത നേതാക്കളുമായി പൊലീസ് ഇതിനോടകം തന്നെ ചര്‍ച്ച നടത്തിയിട്ടുണ്ട്. വിധി പ്രഖ്യാപനത്തിന് ശേഷം അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടാകാതിക്കാന്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് മതനേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ സതീഷ് ഗണേഷ് പറഞ്ഞു.