വാരാണസി:ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്‌ജിദ് പരിസരത്ത് ശാസ്‌ത്രീയ പരിശോധന നടത്താൻ അനുമതി നൽകി വാരാണസി ജില്ല കോടതി. പള്ളി പരിസരത്ത് ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ജലസംഭരണി ഉൾപ്പെട്ട ഭാഗം ഒഴികെയുള്ള സ്ഥലങ്ങളിൽ സർവേ നടത്താനാണ് കോടതി അനുമതി നൽകിയത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോടാണ് (എഎസ്‌ഐ) കോടതി പരിശോധനയ്‌ക്ക് നിർദേശിച്ചിട്ടുള്ളത്.
ശാസ്ത്രീയ സർവേയുടെ റിപ്പോർട്ട് ഓഗസ്റ്റ് 4-നകം കോടതിയിൽ സമർപ്പിക്കാനും വാരാണസി ജില്ല കോടതി എഎസ്ഐയോട് നിർദേശിച്ചിട്ടുണ്ട്. രാവിലെ 8 മുതൽ 12 വരെ സർവേ നടത്തണമെന്നാണ് കോടതി നിർദേശം. സർവേവേളയിൽ വിശ്വാസികൾ പള്ളിക്കകത്ത് നടത്തുന്ന നമസ്‌കാരത്തിനും പ്രാർഥനയ്‌ക്കും തടസമുണ്ടാകാൻ പാടില്ലെന്നും, പള്ളിയുടെ വസ്‌തുവകകൾക്ക് നാശനഷ്‌ടം വരുത്തരുതെന്നും കോടതി അധികാരികൾക്ക് നിർദേശം നൽകി.
ഇക്കഴിഞ്ഞ മെയിലാണ് നാല് സ്‌ത്രീകൾ പള്ളിയിൽ ശാസ്‌ത്രീയ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. വാരാണസിയിലെ ഗ്യാൻവാപി പള്ളിയുടെ പരിസരത്ത് നിലനിന്നിരുന്ന ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതെന്നാണ് ഹർജിയിൽ പറയുന്നത്. അതിനാൽ പള്ളിയുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ജൂലൈ 14ന് അഭിഭാഷകനായ വിഷ്‌ണു ശങ്കർ ജെയിനും പള്ളിയുമായി ബന്ധപ്പെട്ട് ജില്ല കോടതിയിൽ ഹർജി നൽകിയിരുന്നു. പള്ളി നിൽക്കുന്ന സ്ഥലം ദശലക്ഷക്കണക്കിന് ആളുകളുടെ വികാരവുമായി ബന്ധപ്പെട്ടതാണെന്നും പള്ളിയുടെ പടിഞ്ഞാറൻ ഭിത്തിയിൽ ക്ഷേത്രത്തിന്‍റെ അവശിഷ്‌ടങ്ങൾ കാണാമെന്നും അദ്ദേഹം ഹർജിയിൽ അവകാശപ്പെട്ടിരുന്നു.