വന്ദേ ഭാരത് എക്‌സ്പ്രസിന് തീപിടിച്ചു ഭോപ്പാൽ : വന്ദേ ഭാരത് എക്‌സ്പ്രസിന് തീപിടിച്ചു. ഭോപ്പാലിൽ നിന്ന് നിസാമുദ്ദീനിലേക്ക് പോയ വന്ദേ ഭാരത് ട്രെയിനിനാണ് തീപിടിച്ചത്. ഭോപ്പാലിലെ ബീനയ്ക്കടുത്തുള്ള കുർവായ് കെതോറയിൽ എത്തിയപ്പോഴായിരുന്നു സംഭവം. പുലർച്ചെ 5.40ന് ഭോപ്പാലിലെ റാണി കമലപതിയിൽ നിന്ന് ഡൽഹി നിസാമുദ്ദീനിലേക്ക് പുറപ്പെട്ട 20171 വന്ദേ ഭാരത് ട്രെയിനിന്‍റെ സി 14 കോച്ചിലാണ് തീപിടിത്തമുണ്ടായത്.
കോച്ചിലുണ്ടായിരുന്ന 36 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ട്രെയിനിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കോച്ചിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആളുകൾ പരിഭ്രാന്തരാകുകയായിരുന്നു. തുടർന്ന് ട്രെയിൻ നിർത്തുകയും ആളുകളെ ഉടൻ പുറത്തെത്തിക്കുകയും ചെയ്‌തു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്‌ക്കാൻ ശ്രമിക്കുകയാണ്.
രാവിലെ 7.10 ഓടെ, താൻ ഇരുന്ന സീറ്റിനടിയിൽ തീ കത്തുന്നതായി തോന്നി. ഉടൻ തന്നെ ആളുകളോട് വിവരം പറഞ്ഞു. തുടർന്ന് എല്ലാവരും പ്രാണരക്ഷാർഥം ഓടിരക്ഷപ്പെടാൻ ആരംഭിച്ചു. തുടർന്ന് ട്രെയിൻ നിർത്തുകയും യാത്രക്കാർ ഇറങ്ങുകയുമായിരുന്നു. ട്രെയിൻ നിർത്തിയപ്പോൾ കോച്ചിന്‍റെ ബാറ്ററി കത്തുന്നത് തങ്ങൾ കണ്ടുവെന്നും യാത്രക്കാരിൽ ഒരാൾ പറഞ്ഞു.
ഭോപ്പാലിനും ഡൽഹിക്കും ഇടയിൽ ഓടുന്ന മധ്യപ്രദേശിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസാണ് തീപിടിത്തമുണ്ടായ ഈ അതിവേഗ ട്രെയിൻ.
എഞ്ചിൻ പണിമുടക്കി, മണിക്കൂറുകൾ സ്റ്റേഷനിൽ പിടിച്ചിട്ടു :ജൂലൈ 10ന് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്‌സ്‌പ്രസ് കണ്ണൂരിൽ പിടിച്ചിട്ടിരുന്നു. എഞ്ചിൻ തകരാറിലായതിനെ തുടർന്നാണ് വന്ദേ ഭാരത് പിടിച്ചിട്ടത്. ആദ്യം ഒരു മണിക്കൂറിലേറെ നേരം കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ടു.
തുടർന്ന് ട്രെയിൻ പുറപ്പെട്ടെങ്കിലും വൈകാതെ വീണ്ടും പിടിച്ചിടേണ്ടി വരികയായിരുന്നു. ട്രെയിൻ പിടിച്ചിട്ടതോടെ യാത്രക്കാര്‍ക്ക് എസി സൗകര്യമടക്കം ലഭ്യമായില്ല. തുടർന്ന് തകരാർ പരിഹരിച്ച് മൂന്നരയ്ക്ക് പുറപ്പെടേണ്ട ട്രെയിൻ അഞ്ച് മണിക്ക് ശേഷമാണ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്.
കംപ്രസർ തകരാറിനെ തുടർന്ന് ട്രെയിനിന്‍റെ എഞ്ചിൻ ഓഫ് ആകുകയായിരുന്നു. എസി പ്രവർത്തിക്കാതെ വന്നതോടെ ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാരും ഏറെ ബുദ്ധിമുട്ടിലായി. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ഒരു മണിക്കൂറും 40 മിനിട്ടും ട്രെയിൻ ആദ്യം പിടിച്ചിട്ടിരുന്നു. പിന്നീട് സാവധാനം വണ്ടി മുന്നോട്ട് നീങ്ങിയെങ്കിലും എസി പ്രവർത്തിച്ചില്ല. തുടർന്ന് പ്ലാറ്റ്‌ഫോമിൽ നിന്ന് മുന്നോട്ട് മാറിയ ശേഷം വണ്ടി വീണ്ടും നിർത്തിയിടുകയായിരുന്നു.
More read :എഞ്ചിന്‍ തകരാര്‍ ; കണ്ണൂരില്‍ വന്ദേഭാരത് എക്‌സ്‌പ്രസ് പിടിച്ചിട്ടു, ദുരിതത്തിലായി യാത്രക്കാര്‍
വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് : കർണാടകയിൽ വച്ച് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറും ഉണ്ടായിരുന്നു. ധാർവാഡിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലെരിഞ്ഞവരെ തിരിച്ചറിഞ്ഞിരുന്നില്ല.
കല്ലേറിൽ വച്ച് വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ രണ്ട് കോച്ചുകളുടെ ചില്ലുകൾ തകരുകയും ചെയ്‌തു. ജൂലൈ 1ന് ഉച്ചയോടെ തീവണ്ടി ദാവൻഗരെ നഗരത്തിൽ പ്രവേശിച്ചതിന് പിന്നാലെയാണ് കല്ലേറുണ്ടായത്. കരൂർ ഗുഡ്‌സ് ഷെഡിൽ നിന്ന് ദേവരാജ അരശു കോളനിയിലേക്കുള്ള റൂട്ടിൽ സഞ്ചരിക്കുകയായിരുന്നു ട്രെയിൻ. ഇതിനിടെയാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ട്രെയിനിന്‍റെ ഇടത് വശത്താണ് അജ്ഞാതർ കല്ലെറിഞ്ഞത്. ട്രെയിനിന്‍റെ 3, 4 കോച്ചുകളുടെ ഗ്ലാസ് ജനലുകൾ തകർന്നു.
Also read :Vande bharat| വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; ആക്രമണം കർണാടകയിലെ ദാവൻഗരെയിൽ വച്ച്