1911 ജൂൺ 17-ന് അന്നത്തെ തിരുനൽവേലി കലക്‌ടർ റോബർട്ട് വില്യം ഡി എസ്കോർട്ട് ആഷും ഭാര്യ മേരിയും ബോട്ട് മെയിൽ ട്രെയിനിലെ ഒന്നാം ക്ലാസ് കമ്പാർട്ടുമെന്‍റിൽ കൊടൈക്കനാലിൽ പഠിക്കുന്ന മക്കളെ കാണാൻ പോവുകയായിരുന്നു. മണിയച്ചി ജങ്‌ഷനിൽ വച്ച് കലക്‌ടറുടെ കാവൽക്കാരൻ വെള്ളമെടുക്കാൻ പുറത്തുപോയപ്പോൾ അപരിചിതനായ ഒരാൾ കോച്ചിൽ കയറി ഭാര്യയുമായി സംസാരിച്ചുകൊണ്ടിരുന്ന ആഷിനെ വെടിവച്ചുകൊന്നു. കോച്ചില്‍ നിന്നും ഇറങ്ങി ഓടിയ ആ യുവാവ് റെയിൽവേ സ്‌റ്റേഷനിലെ ശുചിമുറിയിൽ കയറി സ്വയം വെടിയുതിർത്ത് അവസാനിച്ചു.
Vanchinathan: വാഞ്ചിനാഥന്‍, സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അടയാളപ്പെടുത്താതെ പോയ ധീരന്‍ അന്ന് ട്രെയിന്‍ യാത്രയില്‍ വെടിയേറ്റ് മരിച്ചത് റോബർട്ട് വില്യം ഡി എസ്കോർട്ട് ആഷ് എന്ന, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തില്‍ ദക്ഷിണേന്ത്യയിൽ വധിക്കപ്പെട്ട ഒരേയൊരു കൊളോണിയൽ ഉദ്യോഗസ്ഥന്‍. അന്ന് കലക്‌ടറെ കൊലപ്പടുത്തിയത് 25 കാരനായ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. പേര് വാഞ്ചിനാഥന്‍.
തിരുനൽവേലിക്കടുത്തുള്ള സെങ്കോട്ടായി പട്ടണത്തിൽ ജനിച്ച വാഞ്ചിനാഥൻ അവിടെ സ്‌കൂൾ വിദ്യാഭ്യാസവും തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസവും പൂർത്തിയാക്കി. തുടർന്ന് വനം വകുപ്പിൽ ജോലി ചെയ്‌തു. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി ധാരാളം പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടക്കുന്ന കാലമായിരുന്നു.
സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യങ്ങളില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വാഞ്ചിനാഥൻ തന്‍റെ പോരാട്ടത്തിനായി സായുധ സേനയുടെ പാത തെരഞ്ഞെടുത്തു. ബ്രിട്ടീഷ് ഭരണത്തിനെതിരായ യുദ്ധത്തിൽ പങ്കെടുക്കാൻ ആയുധപരിശീലനം നടത്താനും ആ യുവാവ് തീരുമാനിച്ചു. തുടർന്ന് അയ്യര്‍ ഭാരത് മാതാ സംഘടനയിലൂടെ ആയുധ പരിശീലനം നേടി.
ALSO READ:നേതാജിയുടെ ഇംഗ്ലീഷ് ഭക്ഷണ പ്രിയത്തിന് പിന്നിലെ അറിയാക്കഥ; സമര സ്‌മരണകളിരമ്പുന്ന ഗിദ്ദാപഹാർ
ചരിത്രമനുസരിച്ച്, അന്നത്തെ സംയോജിത തിരുനൽവേലിയിലെ സ്വാതന്ത്ര്യ സമര സേനാനികൾ ബ്രിട്ടീഷുകാർക്കെതിരായ പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. ഇതിൽ രോഷാകുലനായ, തൂത്തുക്കുടി താലൂക്ക് ഡെപ്യൂട്ടി കലക്‌ടർ പദവിയില്‍ നിന്നും സ്ഥാനക്കയറ്റം ലഭിച്ച റോബർട്ട് വില്യം ഡി എസ്കോർട്ട് ആഷ്, സമരക്കാരെ ബലം പ്രയോഗിച്ച് അടിച്ചമർത്താനുള്ള ശ്രമത്തിലായിരുന്നു. വി.ഒ ചിദംബരത്തിന്‍റെയും സുബ്രഹ്മണ്യ ശിവയുടെയും ഉടമസ്ഥതയിലുള്ള ആദ്യത്തെ ഇന്ത്യൻ ഷിപ്പിങ് കമ്പനിയെ തകർക്കാന്‍ ആഷ് കിണഞ്ഞ് ശ്രമിച്ചു. ഇത് വാഞ്ചിനാഥനെ കോപാകുലനാക്കുകയും അയാള്‍ ആഷിനെ കൊല്ലുകയും ചെയ്‌തു.
ബ്രിട്ടീഷ് ഭരണത്തിനെതിരെ വാഞ്ചിനാഥൻ പല്ലും നഖവും ഉപയോഗിച്ച് പോരാടിയപ്പോഴും അദ്ദേഹത്തിന്‍റെ പേരും ഇടപെടലുകളും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളെപ്പോലെ അടയാളപ്പെടുത്തപ്പെട്ടില്ല. ആത്മഹത്യയ്ക്ക് ശേഷം അദ്ദേഹത്തിന്‍റെ പോക്കറ്റിൽ നിന്ന് പിടിച്ചെടുത്ത കത്തിൽ ഇങ്ങനെ പറയുന്നു, "ബ്രിട്ടീഷ് ശത്രുക്കൾ നമ്മുടെ രാഷ്‌ട്രം പിടിച്ചെടുക്കുകയും പവിത്രമായ സംസ്‌കാരത്തെ ചവിട്ടിമെതിക്കുകയും ചെയ്യുന്നു. അതിനാൽ, ബ്രിട്ടീഷുകാരെ പുറത്താക്കി ധർമവും സ്വാതന്ത്ര്യവും സ്ഥാപിക്കണം. ഞാൻ ആഷിനെ കൊന്നു."
വാഞ്ചിനാഥന്‍റെ ത്യാഗത്തിന്‍റെ സ്‌മരണയ്ക്കായി മുൻ ലോക്‌സഭ എംപി കുമാരി അനന്തൻ, മണിയാച്ചി റെയിൽവേ ജങ്‌ഷനെ 'വാഞ്ചി മണിയാച്ചി' എന്ന് പുനർനാമകരണം ചെയ്‌തു. തമിഴ്‌നാട് സർക്കാർ ചെങ്കോട്ടയിൽ വാഞ്ചിനാഥന്‍റെ പ്രതിമ സ്ഥാപിക്കുകയും മണിമണ്ഡപം നിർമിക്കുകയും ചെയ്‌തിരുന്നു.